ജിദ്ദ: സൗദി അറേബ്യയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നിരവധി എന്‍ജിനീയര്‍മാര്‍ നാടു വിട്ടു പോയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 24,000ത്തോളം വിദേശ എന്‍ജിനീയര്‍മാര്‍ ആണ് നാടു വിട്ടുപോയത്. സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് പുറത്തുവിട്ട സ്ഥിതിവിവര റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എന്നാല്‍, 3000 സ്വദേശി എന്‍ജിനീയര്‍മാര്‍ പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം ആകെ 1,63,120 എന്‍ജിനീയര്‍മാരാണ് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സില്‍ രജിസ്റ്റര്‍ ചെയ്തവരായുള്ളത്. ഇവരില്‍ 38,000 പേര് സ്വദേശി എന്‍ജിനീയര്‍മാരാണെന്ന് കൗണ്‍സില്‍ വക്താവ് എന്‍ജി. അബ്ദുല്‍ നാസര്‍ അല്ലത്തീഫ് അറിയിച്ചു.
രാജ്യത്ത് ഘട്ടംഘട്ടമായി നടപ്പാക്കുന്ന സ്വദേശിവത്കരണവും ഇടത്തരം സ്ഥാപനങ്ങളുടെ സാമ്ബത്തിക പ്രശ്നങ്ങളും മറ്റുമാണ് വിദേശ എന്‍ജിനീയര്‍മാരുടെ കൊഴിഞ്ഞുപോക്കിന് കാരണമെന്നാണ് നിഗമനം. 1,25,000 വിദേശ എന്‍ജിനീയര്‍മാരാണ് കഴിഞ്ഞ വര്‍ഷം അവസാന മാസത്തെ കണക്കുകള്‍ പ്രകാരം സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സില്‍ രജിസ്റ്റര്‍ ചെയ്തവര്‍. 2018ല്‍ ഇതേ കാലയളവില്‍ വിദേശ എന്‍ജിനീയര്‍മാരുടെ എണ്ണം 1,49,000 ആയിരുന്നു.
സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും എന്‍ജിനീയേഴ്സ് കൗണ്‍സിലും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള എന്‍ജിനീയര്‍മാരെ മാത്രമേ ജോലിക്ക് നിയമിക്കാവൂ എന്നതാണ് ചട്ടം.കൂടാതെ പുതുതായി രാജ്യത്ത് എത്തുന്ന എന്‍ജിനീയര്‍മാര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശോധനയും വ്യക്തിഗത അഭിമുഖവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Post Your Comments