തിരുവനന്തപുരം: മലപ്പുറം ജില്ലാ സഹകരണബാങ്കിന്റെ പ്രവർത്തനം പരിമിതപ്പെടുത്തി ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനം. ഓർഡിനൻസിന് ഗവർണർ അംഗീകാരംനൽകുന്നതോടെ മലപ്പുറം ജില്ലയിലെ പ്രാഥമികസംഘങ്ങൾ കേരളബാങ്കിന്റെ അംഗങ്ങളാകും. ജില്ലാബാങ്ക് എന്ന പദവിയിൽ അവർക്ക് പ്രവർത്തിക്കാനാകാത്തവിധം സഹകരണനിയമം ഭേദഗതി ചെയ്യാനാണു തീരുമാനം. ജില്ലാ സഹകരണബാങ്കിന് പ്രാഥമിക സഹകരണസംഘങ്ങളെ അംഗങ്ങളാക്കാനാകില്ല.
ജില്ലയിലെ പ്രാഥമികസംഘങ്ങളുടെ നിക്ഷേപവും അവർക്ക് നൽകുന്ന വായ്പയുമാണ് ജില്ലാബാങ്കിന്റെ പ്രധാന ഇടപാട്. ഇതു മുടങ്ങുന്നതോടെ ബാങ്കിന്റെ പ്രവർത്തനം പ്രതിസന്ധിയിലാകും. മലപ്പുറം ജില്ലാബാങ്കിന്റെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. എന്നാൽ, റിസർവ് ബാങ്കിന്റെ ലൈസൻസ് ഉള്ളതിനാൽ അവർക്ക് സ്വതന്ത്രബാങ്കായി പ്രവർത്തിക്കാം.
അതേസമയം, ജില്ല മുഴുവൻ പ്രവർത്തനപരിധിയുള്ള ബാങ്കായി പ്രവർത്തിക്കാനുള്ള വ്യവസ്ഥ ഓർഡിനൻസിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ഫലത്തിൽ സ്വതന്ത്രബാങ്കായി നിലനിൽക്കുക ബുദ്ധിമുട്ടാകും. ബാങ്കിങ് ലൈസൻസിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ അസ്ഥിരമാക്കുന്ന സർക്കാർ തീരുമാനത്തിൽ റിസർവ് ബാങ്ക് എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.
ALSO READ: ആലപ്പുഴയിൽ പൊലീസിനെതിരേ കത്തെഴുതിവെച്ച് പത്തൊമ്പതുകാരന് ആത്മഹത്യ ചെയ്തു
ഈ പ്രതിസന്ധി ഒഴിവാക്കാൻ ജില്ലാ ബാങ്കിന് കേരള ബാങ്കിന്റെ ഭാഗമാകാനുള്ള അവസരം വീണ്ടും നല്കാൻ സർക്കാർ ആലോചിച്ചിട്ടുണ്ട്. മൂന്നുമാസത്തെ സമയം ഇതിന് അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം. യു.ഡി.എഫ്. നേതാക്കളുമായി ചർച്ച നടത്തും.
Post Your Comments