Latest NewsNewsInternational

വിചിത്രമായ ഒരു കാരണം കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച നിഗൂഢമായ പാലം… ഈ പാലമെത്തുമ്പോള്‍ നായ്ക്കള്‍ താഴേയ്ക്ക് ചാടുന്നു : ഇതുവരെ ചാടിയത് 700ലധികം നായ്ക്കള്‍ … കാരണം കണ്ടെത്താനാകാതെ അധികൃതര്‍

സ്‌കോട്‌ലാന്‍ഡ് : വിചിത്രമായ ഒരു കാരണം കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച നിഗൂഢമായ പാലം, ഈ പാലമെത്തുമ്പോള്‍ നായ്ക്കള്‍ താഴേയ്ക്ക് ചാടുന്നു. 700ലധികം നായ്ക്കളാണ് ഇതുവരെ പാലത്തില്‍ നിന്നും താഴേയ്ക്ക് ചാടിയത്. സ്‌കോട്ലന്‍ഡിലെ വെസ്റ്റ് ഡണ്‍ബാര്‍ട്ടന്‍ഷെയര്‍ മേഖലയിലാണ് കുപ്രസിദ്ധമായ ഒരു പാലമുള്ളത്. സാധാരണ ഒരു പാലത്തില്‍ നിന്നും താഴേയ്ക്ക് ചാടുന്നത് ആത്മഹത്യാപ്രവണതയുള്ള മനുഷ്യരായിരിയ്ക്കും. ഏതെങ്കിലും സ്ഥലത്തിന് ആത്മഹത്യാ മുനമ്പ് എന്നു പേര് ലഭിക്കാറുള്ളത് മനുഷ്യര്‍ അവിടെ തുടര്‍ച്ചയായി ആത്മഹത്യ ചെയ്യുന്നതുകൊണ്ടാണ്. ചില പ്രദേശങ്ങളെങ്കിലും അവിടെ എത്തുമ്പോള്‍ ആളുകള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുന്നു എന്ന കാരണത്താലും കുപ്രസിദ്ധമാണ്. സമാനമായ അവസ്ഥയാണ് ഈ പാലത്തിനുമുള്ളത്. പക്ഷേ ഒരു വ്യത്യാസം ഈ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത് മനുഷ്യരല്ല മറിച്ച് നായ്ക്കളാണെന്നു മാത്രം.

1950ന് ശേഷം മാത്രം ഈ പാലത്തിനു താഴെയുള്ള കൊക്കയിലേക്ക് ഏതാണ്ട് എഴുന്നൂറോളം നായ്ക്കള്‍ ചാടിയിട്ടുണ്ട്. ഇതില്‍ അന്‍പതിലേറെ നായ്ക്കള്‍ മരണത്തിനു കീഴടങ്ങി. അറുന്നൂറിലേറെ നായ്ക്കള്‍ പരിക്കുകളോടെ രക്ഷപെട്ടു. പക്ഷേ അപ്പോഴും ചോദ്യം ഉയരുന്നത് എന്തുകൊണ്ട് നായ്ക്കള്‍ മാത്രം ഈ പാലത്തിനു മുകളിലെത്തുമ്പോള്‍ താഴേക്കു ചാടുന്നു എന്നതാണ്. അതിനാലാണ് പാലത്തിന് നായ്ക്കളുടെ ആത്മഹത്യാ പാലമെന്ന പേരും ലഭിച്ചത്. 1895 ലാണ് ഈ പാലം നിര്‍മിക്കപ്പെട്ടതെങ്കിലും 1950ന് ശേഷമാണ് നായ്ക്കളുടെ ഈ ആത്മഹത്യാ പ്രവണത ശ്രദ്ധയില്‍ പെട്ടത്.

സ്വാഭാവികമായും ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അതീന്ദ്രിയ ശക്തികളുടെ കഥകളെല്ലാം തന്നെ പാലത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നുണ്ട്. അതേസമയം ലേഡി ഓഫ് ഓവര്‍ടണ്‍ വസിച്ചിരുന്ന ഓവര്‍ടണ്‍ ബംഗ്ലാവിലെ ഇപ്പോഴത്തെ അവകാശി ഈ വിശ്വാസത്തെ തള്ളിക്കളയുന്നു. മറിച്ച് കുറച്ചു കൂടി വിശ്വാസയോഗ്യമായ കാരണമാണ് ബോബ് ഹില്‍ മുന്നോട്ടു വയ്ക്കുന്നത്. പാലത്തിന് താഴെയുള്ള മലയിടുക്കില്‍ നിന്നുള്ള മണം നായ്ക്കളെ ആകര്‍ഷിക്കുന്ന ഒന്നാണ് എന്ന് ബോബ് ഹില്‍ വിശദീകരിക്കുന്നു. ഈ മണം മൂക്കിലേക്കെത്തുന്നതോടെ ആകാംക്ഷയോ ആകര്‍ഷണമോ നിയന്ത്രിക്കാന്‍ കഴിയാതെ നായ്ക്കള്‍ എടുത്തു ചാടുകയാണ് ചെയ്യുന്നതെന്ന് ബോബ് ഹില്‍ പറയുന്നു.

നീര്‍നായ് ഇനത്തില്‍ പെട്ട മിങ്ക് എന്ന ജീവിയുടെ മണമാണ് ഇതെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. ഈ മേഖലയില്‍ സ്വാഭാവികമായി കാണപ്പെടാത്ത ജീവിയാണ് മിങ്കുകള്‍. എന്നാല്‍ 1950 കളോടെ ഓമനിച്ചു വളര്‍ത്തുന്നതായി കൊണ്ടുവന്ന മിങ്കുകള്‍ ഈ മേഖലയില്‍ വ്യാപകമായി. വൈകാതെ കാടുകളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തി. ഈ സമയത്ത് തന്നെയാണ് നായ്ക്കളില്‍ ആത്മഹത്യാപ്രവണത കണ്ടു വരുന്നതും. അതുകൊണ്ട് തന്നെ മിങ്കുകളും നായ്ക്കളുടെ ആത്മഹത്യയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടാകാം എന്ന ആശയത്തിന് ബലം കൂടുതലുണ്ട്.

അതേസമയം, ഇതിനെയും ചിലര്‍ തള്ളിക്കളയുന്നു. എത്ര ശക്തമായ മണമായാലും ഒരു നായ പോലും 15 മീറ്റര്‍ ആഴത്തിലേക്ക് ചാടാന്‍ തയാറാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല സ്‌കോട്ലന്‍ഡിലെ മറ്റ് നദികളിലും നീര്‍നായകള്‍ കാണപ്പെടുന്നുണ്ട്. പക്ഷേ ഈ പാലത്തില്‍ നിന്ന് മാത്രം മണം പിടിച്ച് നായ്ക്കള്‍ എന്തുകൊണ്ടു ചാടുന്നു എന്നതാണ് മറ്റൊരു ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button