KeralaLatest NewsNews

‘നിലത്തു കിടക്കുന്ന അനിയത്തിയുടെ അടുത്ത് ഒരു പാമ്പു കൂടെ അമര്‍ന്നു കിടക്കുന്നത് ഞാന്‍ കണ്ടു’ കയ്‌പേറിയ ജീവിതക്കുറിപ്പുമായി സുബിന്‍

സുബിന്‍ ഉണ്ണികൃഷ്ണന്‍ എന്ന യുവാവിന്റെ ജീവിത കഥ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ഇല്ലായ്മ വല്ലായ്മകളില്‍ നട്ടംതിരിഞ്ഞ കുടുംബം, നഷ്ടപ്പെടലുകളുടെ കണ്ണീര്‍ബാക്കി, വാക്കുകള്‍ക്കും അപ്പുറമാണ് ആ വേദന.

ആ കഥ അറിയാം

സുബിൻ ഉണ്ണികൃഷ്ണൻ എന്നൊരാൾ അവന്റെ ജീവിതമെഴുതി വച്ചേക്കുന്നു. ചുരുക്കി. എനിക്കവനെ അറിയില്ല. വായിച്ചപ്പോൾ അറിയാവുന്ന ഒരാളാണെന്ന് തോന്നി. അവനെഴുതിയതിൽ ജീവിതം നിറഞ്ഞ് കവിയുന്നതിനാൽ മാത്രം ഇവിടെ പങ്കു വയ്ക്കുന്നു.

ദയവ് ചെയ്ത് അവനോട് സഹതപിക്കരുത്. അവനതിന്റെ ആവശ്യമില്ല. വായിച്ചു കഴിയുമ്പോഴേക്കും മനസിലൊരു വിങ്ങൽ അവശേഷിച്ചാൽ ഉറപ്പിച്ചോളൂ, നിങ്ങളിൽ ഒരു മനുഷ്യനുണ്ട്..

നമുക്കറിയാത്ത ജീവിതങ്ങൾ നമുക്ക് കഥകൾ മാത്രമാണ്

സുബിന്റെ എഴുത്ത് :-

രാഷ്ട്രീയത്തൊഴിലുകാരോട്:

ഞാനൊരു കാര്യം തീരെ വൈകാരികതയില്ലാതെ പറയട്ടെ,

ഞാൻ പറയുന്നതായി കേൾക്കൂ……..

തൃത്താല ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഞാൻ താമസമായിട്ട് 9 വർഷമായി.രണ്ട് വീട് മാറിയിട്ടുണ്ട്. അച്ഛനും ഞാനും അനുജനുമടങ്ങുന്ന കുടുംബത്തിൽ നിന്ന് അനുജന്റെ അപകട മരണത്തെ തുടർന്നുണ്ടായ അതിവിഷാദം മറികടക്കുന്നതിനായാണ് ആ വീടും പരിസരവും വിട്ടത്.ഈ അപകടം ഒരിക്കൽ തെങ്ങിൽ നിന്ന് വീണ് നട്ടെല്ലൊടിഞ്ഞിട്ടും തെങ്ങു ചെത്ത് തുടർന്നിരുന്ന അച്ഛനെ തീരെ പണി ചെയ്യാൻ വയ്യാത്ത അവസ്ഥയിലാക്കി.
ഇപ്പോൾ ഒട്ടും ലാഭകരമല്ലാത്ത ഒരു കട യാണ് ജീവനമാർഗ്ഗം.
(അമ്മ അനുജന് മൂന്ന് നാലു വയസ്സ് ആയപ്പോൾ ഞങ്ങളെ ഉപേക്ഷിച്ചതാണ്)

പഴയ വീട് വിറ്റതിൽ നിന്നും സ്ഥലം വാങ്ങാൻ മാത്രമാണ് പൈസ ലഭിച്ചത്.ഒരു ഷെഡ്ഡുണ്ടാക്കി അതിലാണ് മൂന്ന് വർഷമായി.
ഇതിനിടയിൽ എന്റെയും അച്ഛന്റെയും ജീവിതത്തിലേക്ക് നാലു പേർ കടന്നു വന്നു.

1: അത് അച്ഛമ്മയാണ്

2: അച്ഛൻ മറ്റൊരു വിവാഹം കഴിക്കുകയും അവർ ഒരു വർഷത്തിനുള്ളിൽ ആത്മഹത്യ ചെയ്യുകയും ചെയ്തു.( ഭിന്നശേഷിയുള്ളവരായിരുന്നു)

3: മരണവീടിന്റെ ഛായ താങ്ങാനാവുന്നതിലും അധികമായതിനാൽ വളരെ വാചാലയായ ഒരു സ്ത്രീയെ അച്ഛൻ വീണ്ടും കല്യാണം കഴിച്ചു.

4: എനിക്ക് ഒരു അനിയത്തിയുണ്ടായി. അവൾക്ക് ഇപ്പോൾ എട്ട് മാസം

സങ്കീർണമാണെങ്കിലും വായിക്കുന്നവർക്ക് ഒരു പശ്ചാത്തലം കിട്ടാനാണ് ഇത്രയും പറഞ്ഞത്.

ഞങ്ങളുടെ കുടിലിലേക്ക് രാഷ്ട്രീയക്കാർ വരുന്നതിനെപ്പറ്റിയാണ് ഞാൻ പറയാൻ പോകുന്നത്. അവർ ഞങ്ങളുടെ തിരിച്ചറിയൽ രേഖകളെപ്പറ്റി അത്യന്തം ആകുലരാണ്. സമയാസമയത്തിന് എല്ലാം എടുപ്പിച്ചിട്ടുണ്ട്. ഉത്തരവാദിത്വമുണ്ട്.

കഴിഞ്ഞ രണ്ട് പ്രളയത്തിനും ഒരു കട്ടിലിലാണ് ഞങ്ങളെല്ലാവരും നനഞ്ഞ് തലയും താഴ്ത്തി ദിവസങ്ങളിരുന്നതെന്ന് അവർക്ക് അറിയില്ല. ബാറ്ററി തീരുന്നതു വരെ ഒരു റേഡിയോ മാത്രം ഞങ്ങളെപ്പറ്റി അന്വേഷിച്ചു. കുന്നിൻ പുറത്താണ് (മുടവന്നൂർ) വീടെന്നതിനാൽ വെള്ളമുയർന്നിട്ടുണ്ടായിരുന്നില്ല. പെയ്ത്തു തന്നെ ധാരാളമാണല്ലോ. ടാർപ്പായ പാറിപ്പോയി അകത്തുനിന്ന് ആകാശം കണ്ടതിന്റെ പ്രളയ രസം വേറെ തന്നെ.

മാസങ്ങൾ മാത്രമായ അനിയത്തി ചോർച്ച വെള്ളത്തിൽ നനയുമ്പോൾ എനിക്കും ചെറിയമ്മക്കുമെല്ലാം അത് സാധാരണ സംഭവമായിത്തന്നെ തോന്നിത്തുടങ്ങി.

ഭരണാധികാരികളായ രാഷ്ട്രീയക്കാർ വീണ്ടും വരും.നേതാവിന്റെ നെങ്ങത്ത് തന്നെ കുത്തണേ എന്ന് പറയും (സോറി വൈകാരികത വരുന്നു)

കേരളവർമയിൽ ഞാൻ ഡിഗ്രി ചെയ്തിരുന്ന കാലത്ത് ഓരോ സെമസ്റ്റർ തീരുമ്പോഴും എന്റെ പുസ്തകങ്ങൾ ചിതലുകൾക്കുള്ളതാണ്. ബിരുദം നേടി എന്നതിന് തെളിവായി സർട്ടിഫിക്കറ്റ് മാത്രമേ കൈയ്യിലുള്ളൂ. ഇപ്പോൾ എനിക്ക് ജെ.ആർ.എഫ് കിട്ടിയിട്ടുണ്ട്. അതിന് പഠിച്ച പുസ്തകങ്ങൾ തന്നെ ഒരു മാസത്തിനകം നശിച്ചു തുടങ്ങി.

അച്ഛന് വല്ലാത്ത ദുരഭിമാനമാണുള്ളത്.
വിശന്നാലും ഇരന്നു കൂടായെന്നാണ്.

വെറുതെ ഒന്നു പറയാം…..

രാവിലെ ഒന്നും തിന്നാനില്ല. എനിക്കന്ന് പരീക്ഷയുണ്ട്.അച്ഛന്റെ കൈയിൽ ഒരു പൈസയുമില്ല (എന്നു പറഞ്ഞു കൂടാ അഞ്ചു രൂപയുണ്ട്. )2013 ആണ് വർഷം. അച്ഛൻ പുറത്ത് പോയി വന്നു.കൈയ്യിൽ ഒരു കോഴിയുണ്ട്. ചത്തത്.അത് തോലുരിച്ച് ഉപ്പും മഞ്ഞളുമിട്ട് പുഴുങ്ങി എനിക്കും അനിയനും തന്നു. ഛർദ്ദിക്കാൻ വന്നിട്ടും അത് തിന്നു. അതിന് ചത്തിട്ട് ഒരു ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. ഒരാഴ്ച വയറിളകിക്കിടന്നു.പിന്നീട് അച്ഛൻ പറഞ്ഞിട്ടുണ്ട്,കോഴിക്കടയിൽ പോയി നായയ്ക്ക് എന്ന് പറഞ്ഞ് എടുത്തു കൊണ്ട് വന്നതാണെന്ന്.ലോഡ് കൊണ്ടു വരുമ്പോൾ നൂറു കണക്കിന് കോഴികളിൽ നാലഞ്ചെണ്ണം ചത്തുപോകും.

അച്ഛനിപ്പോഴും നായ വളർത്തുന്നുണ്ട്

രാഷ്ട്രീയത്തൊഴിലുകാരോട്: നിങ്ങൾ പറയരുത് ഇവിടെ എല്ലാവരും വിശപ്പ് തീർന്നിട്ടാണ് ചിരിക്കുന്നതെന്ന്. ഇത് വായിച്ച് ചോദിക്കാൻ വരണ്ട. എന്റെ വിശപ്പു മാറ്റാൻ ഇപ്പോഴും ഒരു നായ വീട്ടിലുണ്ട്.അഴിച്ചു വിടും ഞാൻ

ഞങ്ങളുടെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലുള്ളതല്ല. ഇഷ്ടം പോലെ പദ്ധതികളുണ്ടായിരുന്നു, പഞ്ചായത്തിലും ബ്ലോക്കിലുമായി. സ്വന്തമായി വീടുണ്ടാക്കി കിടക്കാനുള്ള മോഹം കൊണ്ടൊന്നുമായിരുന്നില്ല. മഴ പെയ്യുമ്പോൾ സ്വസ്ഥമായി ഉറങ്ങുന്ന അച്ഛനെ സങ്കൽപ്പിച്ച് മെമ്പറോടും മറ്റുള്ളവരോടും ഗ്രാമസഭയിലും ഞാൻ ചോദിച്ചിട്ടുണ്ട് ഒരു പാട് വട്ടം. ആത്മാഭിമാനമുണ്ട്. ഇരക്കില്ല.ഇരുപതായ വ്യക്തിയാണ് ഞാൻ ,എന്നെങ്കിലുമൊരു മേൽക്കൂര ഞാനുമുണ്ടാക്കും.ഗവൺമെന്റ് സ്കീമുകൾ ജനങ്ങൾക്കുള്ളതാണ് എന്നതിനാൽ മാത്രം അപേക്ഷകൾ പൂരിപ്പിക്കുന്നതാണ്.

അടുത്തടുത്ത് ഒരു പാട് ഭരണാനുകൂലികൾക്ക് വീടും മറ്റും ലഭിക്കുന്നത് ഞാൻ കാണുന്നുണ്ട്. ചുരുങ്ങിയ വിസ്തൃതിയിൽ ആദ്യം പണി തുടങ്ങി പൈസ വാങ്ങുകയും, പിന്നീട് രണ്ടായിരത്തിലധികം സ്ക്വയർ ഫീറ്റായി ഉയരുകയും ,നിലകളുടെ എണ്ണം കൂടുകയും ചെയ്യുന്നത് ഞാൻ കാണുന്നുണ്ട്. വോട്ട് ബാങ്ക് നിലനിർത്തുന്നതിന്റെ ബുദ്ധിമുട്ട് എനിക്കറിയാം.

ഒരാഴ്ച മുമ്പ് നിലത്തു കിടക്കുന്ന അനിയത്തിയുടെ അടുത്ത് ഒരു പാമ്പു കൂടെ അമർന്നു കിടക്കുന്നത് ഞാൻ കണ്ടു. അവളുടെ അമ്മ കാണും മുമ്പേ ആ ശംഖുവരയനെ ഞാൻ നയത്തിൽ ഒഴിവാക്കി.

ഞങ്ങൾ വളരുന്നത് പാമ്പുകളേക്കാൾ ജാഗ്രതയോടെയാണെന്ന് പറയട്ടെ…

ഇങ്ങനെയല്ല,എന്റെ കവിതയിലും കഥയിലും നാടകത്തിലുമെല്ലാം ആത്മാംശങ്ങൾ വരുന്നതാണെനിക്കിഷ്ടം. എന്നതിനാൽ അധികമിനി പറയുന്നില്ല.

ഭരണാധികാരികൾ എന്ന് വിളിച്ചത് കാടടച്ച് വെടിവെച്ചതായി കരുതണ്ട. ഇതൊരു വ്യക്തി ദു:ഖമായും കണക്കാക്കേണ്ടതില്ല. വിശക്കുമ്പോഴും ചിരിക്കുന്നവനും വിശപ്പു മാറ്റാൻ നായയെ വളർത്തുന്നവനും ഇപ്പോഴുമുണ്ടാവും

പുതുവർഷത്തിന് ആശംസകളില്ല

( വൈകാരികമാവില്ല എന്ന വാഗ്ദാനം പാലിക്കാനായില്ല.ഞാൻ ഒരു അരാഷ്ട്രീയ വാദിയേയല്ല കേട്ടോ. രാഷ്ട്രീയമുണ്ട്. പട്ടാമ്പി കോളേജിലെ പി.ജി റെപ്രസെന്റേറ്റീവും സംഘടനാ പ്രവർത്തകനുമാണ്)

– സുബിൻ ഉണ്ണികൃഷ്ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button