ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മരണം 107 ആയി. ശിശുമരണങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി ജെകെ ലോണ്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇതേക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചത്.നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച എംയിസിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘം ആശുപത്രിയിലെത്തിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തിയ സംഘം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അണുബാധയും തണുപ്പുമാണ് ശിശുമരണത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കോട്ടയിലെ ജെ കെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ശിശുമരണം കോണ്‍ഗ്രസിനെതിരെ ദേശീയതലത്തിലും പ്രചാരണമാക്കുകയാണ് ബിജെപി. നേരത്തെ സര്‍ക്കാരിനെ വിമര്‍ശിച്ച് മായാവതിയും എത്തിയിരുന്നു. കോട്ടയില്‍ നൂറിലധികം നവജാത ശിശുക്കള്‍ മരിച്ചിട്ടും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മൗനം തുടരുന്നത് ദുഃഖകരമാണ്. ഉത്തര്‍പ്രദേശ് പോലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണെങ്കില്‍ പ്രിയങ്ക ഗാന്ധി ആശുപത്രിയില്‍ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ എത്തുമായിരുന്നു. ശിശു മരണങ്ങള്‍ സംഭവിച്ചത് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ഉദാസീനത മൂലമായതിനാലാണ് പ്രിയങ്ക പ്രതികരിക്കാതിരിക്കുന്നതെന്നും മായാവതി ട്വിറ്ററിലൂടെ വിമര്‍ശിച്ചിരുന്നു.
കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അശോക് ഗെലോട്ട് സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ബിജെപി സര്‍ക്കാരിന്റെ കാലത്തെക്കാള്‍ ശിശുമരണനിരക്ക് കുറഞ്ഞെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് തിരിച്ചടിച്ചതോടെ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പരസ്യമായി.
‘എല്ലായിടത്തും നടക്കുന്നതാണ് ഇവിടെ നടന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെക്കാള്‍ കുറവാണിത്. വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്,’ എന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചത്. ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ സംസ്ഥാന ആരോഗ്യമന്ത്രിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. മന്ത്രിയെ സ്വീകരിക്കാന്‍ ആശുപത്രി വരാന്തയില്‍ വിരിച്ച പരവതാനി വിവാദമായതോടെ അധികൃതര്‍ എടുത്തു മാറ്റി.
കോട്ടയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഒമ്പകുഞ്ഞുങ്ങള്‍കൂടി മരിച്ചതോടെ ശിശുമരണങ്ങളുടെ എണ്ണം107 ആയി. കോട്ടയിലെ ജെ.കെ.ലോണ്‍ ആശുപത്രിയിലാണ് ഡിസംബറില്‍ മാത്രം 100 ശിശുമരണങ്ങള്‍ നടന്നത്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിത്.ഡിസംബര്‍ 23-24 ദിവസങ്ങളില്‍ 24 മണിക്കൂറിനിടെ 10 പേരാണ് മരിച്ചത്. കൂട്ട ശിശുമരണങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം തുടരുകയാണ്. ദേശീയ ശിശു സംരക്ഷണ കമ്മീഷനടക്കം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.
ഡിസംബര്‍ 30-ന് നാല് കുട്ടികളും 31-ന് അഞ്ച് കുട്ടികളുമാണ് മരിച്ചത്. പ്രസവ സമയത്തെ ഭാരക്കുറവാണ് ശിശുക്കളുടെ മരണത്തിനിടയാക്കുന്നപ്രധാന കാരണമെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നത്. 2014ല്‍ 11,98 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നും ഇത് താരതമ്യം ചെയ്യുമ്ബോള്‍ 2019-ല്‍ ശിശുമരണ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ആശുപത്രി അധികൃതരുടെ വാദം.
Post Your Comments