ഡൽഹി: പോപ്പുലർ ഫ്രണ്ട് (പി.എഫ്.ഐ ) നിരോധിക്കാനുള്ള സാധ്യത കൂടി വരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിലും, ആസാമിലും കലാപം അഴിച്ചു വിട്ടത് പോപ്പുലർ ഫ്രണ്ട് ആണെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാനിത്. കലാപങ്ങൾക്കുപിന്നിൽ പി.എഫ്.ഐ.യുടെ ശക്തമായ പങ്ക് സ്ഥിരീകരിച്ചതായി കേന്ദ്ര ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഉത്തർപ്രദേശ് യോഗി സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് അയച്ചപ്പോൾ, സംഘടനയുടെ പങ്ക് വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ടാണ് അസം സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചത്. ഗുവാഹാട്ടിയിൽ ഡിസംബർ 11-നുണ്ടായ കലാപത്തിന്റെ വിശദാംശമാണ് അസം സർക്കാരിന്റെ റിപ്പോർട്ടിലുള്ളത്.
പി.എഫ്.ഐ.ക്ക് ഭീകരപ്രവർത്തനവുമായും ഭീകരവാദ ക്യാമ്പുകളുമായും സ്ഫോടകവസ്തു നിർമാണവുമായും ബന്ധമുണ്ടെന്നാണ് എൻ.ഐ.എ. റിപ്പോർട്ട്. അതുകൊണ്ടുതന്നെ യു.എ.പി.എ. പ്രകാരം ഈ സംഘടനയെ നിരോധിക്കാവുന്നതാണെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തൽ. യു.പി. സർക്കാർ ഡിസംബറിൽ മാത്രം 14 പി.എഫ്.ഐ. നേതാക്കളെ വിവിധ സ്ഥലത്തെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയും പോപ്പുലർ ഫ്രണ്ടിന്റെ പങ്കുവ്യക്തമാക്കുന്ന റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്.
Post Your Comments