മുംബൈ : പുതുവർഷത്തിലെ മൂന്നാം ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 162.03 പോയിന്റ് നഷ്ടത്തില്‍ 41464.61ലും നിഫ്റ്റി 55.50 പോയിന്റ് നഷ്ടത്തിൽ 12,226.70ലുമാണ് വ്യാപാരം ഇന്ന് അവസാനിച്ചത്. തുടര്‍ച്ചയായുള്ള രണ്ടുദിവസത്തെ നേട്ടം നില നിർത്തുവാൻ സാധിച്ചില്ല. ഇറാന്റെ സേനാത്തലവന്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിലെ അനിശ്ചിതത്വവും, അസംസ്‌കൃത എണ്ണവില വര്‍ധിച്ചതും വിപണിയെ പ്രതികൂലമായി ബാധിച്ചു.
ബിഎസ്ഇയിലെ 1246 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1257 ഓഹരികള്‍ നഷ്ടത്തിലാണ്, 176 ഓഹരികള്‍ക്ക് മാറ്റമില്ല. ഐടി, ഫാര്‍മ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കി. വാഹനം, ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി, ലോഹം ഓഹരികള്‍ നഷ്ടത്തിലായിരുന്നു. സണ്‍ഫാര്‍മ, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഗെയില്‍, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ നേട്ടത്തിലും സീ എന്റര്‍ടെയന്‍മെന്റ്, ഭാരതി ഇന്‍ഫ്രടെല്‍, ഏഷ്യന്‍ പെയിന്റ്സ്, ഐഷര്‍ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വ്യാപാരം തുടങ്ങിയപ്പോൾ സെന്‍സെക്സ് 116 പോയിന്റ് നഷ്ടത്തിൽ 41510ലും നിഫ്റ്റി 42 പോയിന്റ് നഷ്ടത്തില്‍ 12239ലുമായിരുന്നു. ബിഎസ്ഇയിലെ 828 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 733 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
Post Your Comments