കേരളം ഉൾപ്പെടെയുളള 12 സംസ്ഥാനങ്ങളിൽ റേഷൻ കാർഡുകളുടെ ഇന്റര്‍സ്റ്റേറ്റ് പോർട്ടബിലിറ്റി നിലവിൽ വന്നതായി ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാണ, രാജസ്ഥാൻ, ഝാർഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളെ ഒരു ക്ലസ്റ്ററാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 12 സംസ്ഥാങ്ങളിലേയും എ.എ.വൈ, മുൻഗണന കാർഡുകൾക്ക് ഏത് സംസ്ഥാനത്തുനിന്നും റേഷൻ വാങ്ങാം. ആധാർ അടിസ്ഥാനമാക്കിയുളള ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം വഴിയാണ് ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ഇതിനാവശ്യമായ സാങ്കേതിക സംവിധാനം എല്ലാ സംസ്ഥാനങ്ങളിലേയും ഇ-പോസ് മെഷീനുകളിൽ അപ്ഡേറ്റ് ചെയ്തു തുടങ്ങി. ഇതര സംസ്ഥാനങ്ങളിലെ മുൻഗണനാ വിഭാഗം കാർഡുകൾക്ക് അരി മൂന്ന് രൂപ നിരക്കിലും, ഗോതമ്പ് രണ്ട് രൂപ നിരക്കിലും ആളൊന്നിന് അഞ്ച് കിലോഗ്രാം എന്ന കണക്കിലാണ് വിതരണം നടത്തുക. മണ്ണെണ്ണ, ആട്ട, പഞ്ചസാര മറ്റ് പ്രത്യേക ധാന്യങ്ങൾ എന്നിവ ഓരോ സംസ്ഥാനങ്ങളിലും വിതരണം നടത്തുന്നുണ്ടെങ്കിലും ഇന്റര്‍സ്റ്റേറ്റ് പോർട്ടബിലിറ്റി സൗകര്യം ഇതര സംസ്ഥാനക്കാർക്ക് ലഭ്യമാക്കിയിട്ടില്ല.
ഒന്നിലധികം അംഗങ്ങളുളള ഇതര സംസ്ഥാന കാർഡുകളിൽ 50 ശതമാനം വരെ വിഹിതം മാത്രമാണ് ആദ്യ തവണ വിതരണം നടത്തുകയുളളു. തുടർന്ന് പത്ത് ദിവസത്തിനുശേഷം ബാക്കി ധാന്യം ലഭ്യമാക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നും തൊഴിൽ സംബന്ധമായി കേരളത്തിൽ വന്നു താമസിക്കുന്നവർക്കും തൊഴിലിനായി ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്കും എ.എ.വൈ, മുൻഗണനാ വിഭാഗം കാർഡുകളാണെങ്കിൽ റേഷൻ കാർഡ് മാറ്റാതെ തന്നെ ധാന്യവിഹിതം കൈപ്പറ്റാൻ സാധിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
Post Your Comments