കൊച്ചി: അന്യായമായി 166 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് വ്യാഴാഴ്‌ച ആരംഭിക്കും. നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയിസ് അസോസിയേഷന്‍ (സിഐടിയു)ന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ ഹെഡ് ഓഫീസിലെയുള്‍പ്പെടെ 564 ശാഖകളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.
ഡിസംബര്‍ ഏഴിനാണ് 166 ജീവനക്കാരെ മാനേജ്‌മെന്റ് പിരിച്ചുവിട്ടത്. പത്തുമുതല്‍ തന്നെ കൊച്ചിയിലെ ഹെഡ് ഓഫീസിനു മുന്നില്‍ പിരിച്ചുവിട്ട ജീവനക്കാര്‍ സമരമാരംഭിച്ചിരിന്നു. പ്രശ്നം പരിഹരിക്കാൻ രണ്ടുതവണ സംസ്ഥാന ലേബര്‍ കമീഷണര്‍ ചര്‍ച്ച വിളിച്ചെങ്കിലും മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തില്ല. രണ്ടുതവണ തൊഴില്‍ മന്ത്രി യോഗം വിളിച്ചെങ്കിലും ഒന്നില്‍ മാത്രമാണ് മാനേജ്‌മെന്റ് പങ്കെടുത്തത്. ആ യോഗത്തിലും തീരുമാനമുണ്ടായില്ല.
52 ദിവസം നീണ്ട അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതിയുടെ ഇടപെടലിലൂടെ കഴിഞ്ഞ ആഗസ്‌ത് 20ന് ഒത്തുതീര്‍പ്പായതിന് പിന്നാലെയാണ് മാനേജ്‌മെന്റ് തൊഴിലാളികള്‍ക്കെതിരെ പ്രതികാര നടപടിയെടുത്തത്. പ്രതികാരനടപടികള്‍ പാടില്ല എന്ന ഒത്തുതീര്‍പ്പു വ്യവസ്ഥ അവഗണിച്ചാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ബ്രാഞ്ചുകള്‍ അടച്ചുപൂട്ടിയാണ് ഏഴിന് പിരിച്ചുവിടല്‍ ഇ മെയില്‍ ആയി നല്‍കിയത്. അനുനയ നീക്കങ്ങള്‍ക്ക് വഴങ്ങാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍ പണിമുടക്കിന് തീരുമാനിച്ചതെന്ന് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി സി രതീഷ് പറഞ്ഞു. ബ്രാഞ്ചുകൾ ബലമായി അടപ്പിക്കുന്നതടക്കമുള്ള നടപടികളുമായി സിഐടിയു രംഗത്ത് എത്തിയത് വിവാദമായിരുന്നു. ഇതോടെ കേരളത്തിൽ ബിസിനസ് നടത്താൻ സാധിക്കുന്നില്ല എന്ന് പറഞ്ഞ് മുത്തൂറ്റ് ഗ്രൂപ്പ് തന്നെ രംഗത്തെത്തിയിരുന്നു.
Post Your Comments