തിരുവല്ല: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ അക്രമം നടത്തിയ കേസിലെ മുഖ്യ പ്രതി ‘എട്ടപ്പൻ’ പിടിയിൽ. മുട്ടത്തറ പത്മ നിവാസിൽ ഏട്ടപ്പൻ എന്നറിയപ്പെടുന്ന എസ്.മഹേഷിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റുചെയ്തത്. ഇരവിപേരൂർ കോഴിമലയിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന മഹേഷിനെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പത്തനംതിട്ട എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്. പ്രതിയെ മ്യൂസിയം പൊലീസിന് കൈമാറും.
യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ വച്ച് കഴിഞ്ഞ മാസം കെ.എസ്.യു പ്രവർത്തകരെ മർദ്ദിക്കുകയും കെ.എസ്.യു പ്രവർത്തകനായ നിതിൻ രാജിനുനേരെ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പിന്നാലെ നിതിൻ രാജിന്റെയും ഹോസ്റ്റലിലെ മറ്റൊരു അന്തേവാസിയായ വിദ്യാർത്ഥി സുദേവിന്റെും സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും പുസ്തകങ്ങളും മഹേഷ് കത്തിച്ചെന്നും ആരോപണമുയർന്നു. വധഭീഷണി മുഴക്കിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിക്കാനായി പ്രിൻസിപ്പലിനെ കാണാൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് എത്തിയതിനെ തുടർന്ന് യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിൽ വൻ അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്.
സംഭവം നടന്നിട്ട് ഒരു മാസത്തിനു ശേഷമാണ് പൊലിസ് മഹേഷിനെ അറസ്റ്റു ചെയ്യുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന മഹേഷ് കോളേജ് യൂണിയൻ ചെയർമാനായും ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വിദ്യാർത്ഥിയല്ലാത്ത മുപ്പത്താറുകാരനായ മഹേഷ് അനധികൃതമായി കോളേജ് ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്നു.
Post Your Comments