വാഹന രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ നടനും എം.പി.യുമായ സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ നികുതി വെട്ടിക്കാനായി വ്യാജരേഖ ചമക്കല്‍, നികുതി വെട്ടിക്കാനായി മനഃപൂര്‍വമായ ശ്രമങ്ങള്‍ നടത്തി സര്‍ക്കാരിന് നഷ്ടമുണ്ടാക്കല്‍, വഞ്ചന എന്നീ കുറ്റങ്ങാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത് ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണിവ.

രണ്ട് ഔഡി കാറുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നികുതി വെട്ടിക്കാന്‍ പുതുച്ചേരിയില്‍ താമസിച്ചുവെന്നതിന് വ്യാജരേഖ ചമച്ചുവെന്നതാണ് കേസ്.2010 ജനുവരി 27 നാണ് സുരേഷ് ഗോപിയുടെ ഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. നികുതി വെട്ടിക്കാനായി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത അദ്ദേഹം പുതുച്ചേരിയില്‍ താമസിച്ചുവെന്നതിന് വ്യാജരേഖകളും നിര്‍മിച്ചു. സുരേഷ് ഗോപി ഹാജരാക്കിയ വാടക കരാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്നാണ് അന്വേഷണത്തില്‍ കണ്ടത്തി.
അപ്പാര്‍ട്ട്മെന്റിലെ അസോസിയേഷന്‍ ഭാരവാഹിയും ഇതേകാര്യം തന്നെയാണ് അന്വേഷണസംഘത്തോട് പറഞ്ഞത്. രേഖകള്‍ സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകന്‍ തന്റെ വ്യാജ ഒപ്പും സീലുമാണ് ഉപയോഗിച്ചതെന്നും മൊഴി നല്‍കി.രണ്ട് കാറുകളിലുമായി സുരേഷ് ഗോപി 25 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.

ഇതിന് ശേഷം ക്രൈംബ്രാഞ്ച് കേസെടുക്കുകയും സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.സുരേഷ് ഗോപിയുടെ മറ്റൊരു വാഹനത്തിന്റെ നികുതി വെട്ടിപ്പിലും ക്രൈംബ്രാഞ്ച് സംഘം ഉടന്‍തന്നെ കുറ്റപത്രം സമര്‍പ്പിക്കും.

Share
Leave a Comment