ആലപ്പുഴ•അസത്യങ്ങൾ പ്രചരിപ്പിച്ച് രാജ്യത്ത് വിഘടനവാദവും വർഗ്ഗീയതയും സൃഷ്ടിച്ച് നേട്ടം കൊയ്യുവാൻ തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചുള്ള സി.പി.എം – കോൺഗ്രസ് ശ്രമം ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും ജനം അത് തള്ളിക്കളയുമെന്നും ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ പറഞ്ഞു.
ഭരണഘടന നടപ്പാക്കില്ലെന്നു പറയുന്ന മുഖ്യമന്ത്രിയും അതിനു കൂട്ട് നിൽക്കുന്ന പ്രതിപക്ഷനേതാവും കേരളത്തിന് മൊത്തം അപമാനമാണ്. അയൽ സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും സ്വന്തം സംസ്ഥാനത്തിലെ ഗവർണ്ണർക്കും വേണ്ട സുരക്ഷ ഒരുക്കാൻ പോലും തയ്യാറാകാത്ത മുഖ്യൻ ജനാധിപത്യത്തിനു തന്നെ അപമാനമാണ്. ബി.ജെ.പി. യെ രാഷ്ട്രീയമായി നേരിടാൻ കഴിവില്ലാത്ത ഇവർ പൗരത്വ നിയമത്തെ തെറ്റായി വ്യാഖാനിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ ഭീതി പരത്തി ഒരു വിഭാഗത്തെ ദേശീയതയിൽ നിന്നും അകറ്റുവാൻ ശ്രമിക്കുകയാണ്. തീവ്രവാദികളും ദേശ വിരുദ്ധരുമാണ് ഇവരുടെ പിന്നിൽ. ഇതിനെതിരെ ആലപ്പുഴ നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും പൗരത്വ നിയമം എന്താണെന്നു വിശദീകരിച്ചുകൊണ്ട് ലഘുലേഖകളുമായി ബി.ജെ.പി. പ്രവർത്തകർ എത്തുമെന്നും ജി. വിനോദ് കുമാർ പറഞ്ഞു. ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജി. മോഹനൻ, കെ.പി. സുരേഷ് കുമാർ, മറ്റു ഭാരവാഹികളായ എൻ.ഡി.കൈലാസ്, പി. കണ്ണൻ, സജി.പി. ദാസ് എന്നിവർ സംസാരിച്ചു.
Post Your Comments