കൊച്ചി: നാലു മണിക്കൂറില്‍ കാസര്‍കോടു നിന്ന് തിരുവനന്തപുരത്ത് എത്താം, അതിവേഗ റെയില്‍ പാത സര്‍വേയ്ക്ക് ഇന്ന് തുടക്കം. പദ്ധതിയുടെ അന്തിമ അലൈന്‍മെന്റ് നിശ്ചയിക്കാനുള്ള ലിഡാര്‍ സര്‍വെയാണ് ഇന്നു തുടങ്ങുന്നത്. നിരീക്ഷണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചെറുവിമാനം ഉപയോഗിച്ചാണു സര്‍വേ നടത്തുക.
കാലാവസ്ഥ അനൂകൂലമെങ്കില്‍ ആറു ദിവസത്തിനകം സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നു കേരള റെയില്‍വേ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെആര്‍ഡിസിഎല്‍) അധികൃതര്‍ പറഞ്ഞു. സര്‍വേക്കായി നാലുപേര്‍ക്കു യാത്ര ചെയ്യാവുന്ന പാര്‍ടനാവിയ പി68 വിമാനം ഇന്നലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. ജനുവരി ആറുവരെ പാര്‍ടനാവിയ പി68 കണ്ണൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യാനും ഇന്ധനം നിറയ്ക്കാനും അനുമതി തേടിയിട്ടുണ്ട്. യാത്രാ വിമാനങ്ങളെ ബാധിക്കാത്ത വിധം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാവും വിമാനം പറക്കുക.
ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ എന്ന സ്ഥാപനത്തിനാണു സര്‍വേ ചുമതല. നാല് മണിക്കൂറില്‍ കാസര്‍കോടു നിന്ന് 532 കിലോമീറ്റര്‍ പിന്നിട്ടു തിരുവനന്തപുരത്ത് എത്തുന്ന വേഗ റെയില്‍ പദ്ധതിക്ക് രണ്ടാഴ്ച മുന്‍പ് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. കേരള റെയില്‍ വികസന കോര്‍പറേഷനാണ് 56,000 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കായുള്ള നിക്ഷേപ സമാഹരണം നടത്തുക.
Post Your Comments