Latest NewsKeralaNews

കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ എട്ടു കവറുകളില്‍ കേക്കുകള്‍; കൊണ്ടുവെച്ചത് പര്‍ദയണിഞ്ഞ സ്ത്രീ- അജ്ഞാത കേക്കിന്റെ ഉടമയെ കണ്ടെത്താന്‍ പരക്കം പാഞ്ഞ് പൊലീസ്

കോഴിക്കോട്: ജോലിയും കഴിഞ്ഞു സ്ഥലം വിടാനൊരുങ്ങവേയാണ് കളക്ടറേറ്റിലെ താഴെ നിലയില്‍ കോണ്‍ഫറന്‍സ് ഹാളിന് സമീപത്ത് അജ്ഞാത കേക്കികള്‍ ജീവനക്കാര്‍ കാണുന്നത്. കോഴിക്കോട് കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് സംഭവം. എട്ടു കവറുകളിലായിട്ടായിരുന്നു കേക്കുകളുണ്ടായിരുന്നത്. ആരാണ് കേക്ക് വെച്ചതെന്ന് ആര്‍ക്കും അറിയില്ല. വൈകിട്ട് മൂന്നരയോടെ പര്‍ദ ധരിച്ച ഒരു സ്ത്രീ കേക്ക് കവറുകള്‍ മേശപ്പുറത്തു നിരത്തുന്നതു കണ്ടുവെന്നു ചില ജീവനക്കാര്‍ പറഞ്ഞു. അവര്‍ എന്തോ ആവശ്യത്തിനു വന്നപ്പോള്‍ തല്‍ക്കാലത്തേക്കു കവര്‍ മേശപ്പുറത്തു വച്ചതാണെന്നാണ് കണ്ടവര്‍ വിചാരിച്ചത്. സ്ത്രീ ഓട്ടോറിക്ഷയിലാണ് വന്നതെന്നും, അതില്‍ തന്നെ തിരിച്ചു പോയി എന്നും ചിലര്‍ പറയുന്നു. കേക്കുകള്‍ ആരാണ് വെച്ചതെന്നറിയാതെ ജീവനക്കാര്‍ എഡിഎം റോഷ്ണി നാരായണനെ വിവരം അറിയിച്ചു. കലക്ടര്‍ സ്ഥലത്തില്ലായിരുന്നു.

എഡിഎം പൊലീസിനു വിവരം നല്‍കി. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയ സന്നാഹങ്ങളുമായി പൊലീസ് സംഘം സ്ഥലത്തെത്തി. നിരീക്ഷണ ക്യാമറയില്‍ നോക്കി ആളെ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചെങ്കിലും, ആ ശ്രമം വിഫലമായി. ആ ഭാഗത്തൊന്നും ക്യാമറ സംവിധാനം ഇല്ലാത്തതാണ് തിരിച്ചടിയായത്. പൂവാട്ടുപറമ്പിലെ ഒരു ബേക്കറിയില്‍ നിന്നുള്ള കേക്കാണെന്ന് പരിശോധനയില്‍ വ്യക്തമായി. അവസാനം സാംപിള്‍ എടുത്ത ശേഷം കേക്ക് പൊലീസ് നശിപ്പിച്ചു. ബേക്കറിയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോള്‍ അതില്‍ ഒരു സ്ത്രീ 15 കേക്കും കുറച്ചു ലഡുവും വാങ്ങിയതായി കണ്ടെത്തി. സ്ത്രീ പെരുവയല്‍ സ്വദേശിയാണെന്നും തിരിച്ചറിഞ്ഞു. അടുത്തിടെ വിദേശത്തുനിന്ന് എത്തിയ സ്ത്രീ സന്തോഷസൂചകമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മധുരം നല്‍കാന്‍ തീരുമാനിച്ചതാണെന്നാണ് സൂചന. അതേസമയം മെഡിക്കല്‍ പൊലീസ് സ്റ്റേഷനിലും സ്ത്രീ കേക്കുമായി എത്തിയിരുന്നതായി അറിഞ്ഞു. അവിടെ കേക്ക് സ്വീകരിക്കാന്‍ തയാറാകാതെ വന്നതോടെ, കലക്ടറേറ്റില്‍ കൊടുക്കാമെന്നും പറഞ്ഞ് മടങ്ങുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button