
തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടനം അട്ടിമറിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ. കഴിഞ്ഞ വര്‍ഷം തീര്‍ത്ഥാടന സമയത്ത് നവോത്ഥാന മതില്‍ കെട്ടി ഉപദ്രവിച്ചു. ശ്രീ നാരായണ ഗുരുവിന്റെ ആശയം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സ്വാമി സാന്ദ്രാനന്ദ കുറ്റപ്പെടുത്തി.
ഗുരു ചിന്തകള്‍ പ്രചരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഗൗരവം കാണിക്കുന്നില്ല. ഭരണാധികാരികളുടെ വാഗ്ദാനങ്ങള്‍ സ്‌റ്റേജില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നുവെന്നും സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. കഴിഞ്ഞകൊല്ലം വരെ ശിവഗിരി തീര്‍ത്ഥാടനത്തില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രിസ്മസ് അവധി ക്രമീകരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ കുട്ടികള്‍ക്ക് കൂടി തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാനായി ക്രിസ്മസ് അവധി പുനഃക്രമീകരിക്കണമെന്ന മഠത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതായും അദേഹം വ്യക്തമാക്കി.
തീര്‍ത്ഥാടനത്തെ അറിവിന്റെ തീര്‍ത്ഥാടനമായി സര്‍ക്കാരും നേതാക്കളും പ്രസംഗിക്കുന്നതല്ലാതെ പ്രവര്‍ത്തിയില്‍ പ്രതിഫലിക്കുന്നില്ലെന്നും അദേഹം കുറ്റപെടുത്തി. ട്രസ്റ്റിന് കീഴില്‍ നിരവധി സ്‌കൂളുകളും കോളേജുകളുമുണ്ട്. ഇപ്രാവശ്യം ശിവഗിരി തീര്‍ത്ഥാടനം തുടങ്ങുന്ന ദിവസം തന്നെ സ്‌കൂളും കോളേജും തുറക്കുന്നതിനാല്‍ വിദ്യര്‍ത്ഥികള്‍ക്ക് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വരും. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് മുന്നോട്ട് പോകുന്നത്. ഗുരു സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിട്ടും തീര്‍ത്ഥാടനത്തെ ഗൗരവത്തോടെ കാണാന്‍ ഭരണാധികാരികള്‍ തയ്യാറായിട്ടില്ല. സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.
Post Your Comments