Kerala

ഡിറ്റെൻഷൻ സെന്റർ: പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ്

സംസ്ഥാനത്ത് ഡിറ്റെൻഷൻ സെൻററുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദി ഹിന്ദു പത്രത്തിൽ ‘state plans detention centre’ എന്ന വാർത്തയിൽ ആരോപിക്കുന്നതു പോലൊരു തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടില്ല. അതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങൾ നടത്തുന്നത് വ്യാജ പ്രചാരണമാണ്. ഏഴുവർഷം മുമ്പ് 2012 ആഗസ്റ്റിൽ ഡിറ്റെൻഷൻ സെൻറർ സ്ഥാപിക്കണം എന്ന് കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനത്തെയും ആഭ്യന്തര സെക്രട്ടറിമാരെ ഒരു കത്ത് മുഖേന അറിയിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയോ, വിസ, പാസ്പോർട്ട് കാലാവധി തീർന്ന ശേഷവും അനധികൃതമായി രാജ്യത്ത് തുടരുകയോ ചെയ്യുന്ന വിദേശികളെയും, ശിക്ഷാ കാലാവധി പൂർത്തിയാക്കി അവരുടെ രാജ്യത്ത് തിരിച്ചുപോകുന്നതിനുള്ള നിയമനടപടികൾക്കായി കാത്തിരിക്കുന്ന വിദേശികളെയും രാജ്യം വിടുന്നതുവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ ഇത്തരം സെൻറർ സ്ഥാപിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിനായുള്ള പ്രൊപ്പോസൽ സമർപ്പിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. ഈ കത്തിന്റെ അടിസ്ഥാനത്തിൽ 2015 നവംബർ നാലിന് ആഭ്യന്തര വകുപ്പ് യോഗം വിളിച്ചുചേർത്തു. അന്നത്തെ ഡി.ജി.പി.യും എ.ഡി.ജി.പി ഇൻറലിജൻസും, ജയിൽ വകുപ്പ് ഐ.ജി.യും ഉൾപ്പെടെ ആ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന്റെ തീരുമാനപ്രകാരം സംസ്ഥാനത്ത് അടിയന്തിരമായി അത്തരം സെന്ററുകൾ സ്ഥാപിക്കാൻ നിശ്ചയിച്ചു. അവ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലാവണമെന്നും ആവശ്യമായ കെട്ടിടം വകുപ്പ് കണ്ടെത്തണമെന്നും തീരുമാനിച്ചു. പ്രവർത്തനത്തിനാവശ്യമായ സ്റ്റാഫിനെ പോലീസ് വകുപ്പ് നിശ്ചയിക്കണമെന്നും തീരുമാനിച്ചു. പോലീസ്-ജയിൽ വകുപ്പുകൾക്ക് പുറത്താവണം അത്തരം സെന്ററുകൾ സ്ഥാപിക്കേണ്ടത് എന്നും യോഗം തീരുമാനിച്ചു.

ഡിറ്റൻഷൻ സെൻറർ സ്ഥാപിക്കുന്നതിനാവശ്യമായ ശുപാർശ സമർപ്പിക്കാൻ 2016 ഫെബ്രുവരി 29ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. തുടർന്ന് ഈ ആവശ്യത്തിനായി സാമൂഹ്യനീതി ജില്ലാ ഓഫീസറും ജില്ലാ പോലീസ് സൂപ്രണ്ടും ചേർന്ന മാനേജിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്നും നിശ്ചയിച്ചു. ഇത് സംബന്ധിച്ച് എത്രപേരെ പാർപ്പിക്കേണ്ടിവരും എന്നതുൾപ്പെടെയുടെ വിവരങ്ങൾ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പ് ആവശ്യപ്പെട്ടു. തുടർന്ന് ഈ വിശദാംശങ്ങൾ സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയോടും ചോദിച്ചു. ഇതു സംബന്ധിച്ച ഒരു വിവരവും റെക്കോർഡ്സ് ബ്യൂറോ ഇതുവരെ നൽകിയിട്ടില്ല. നേരത്തെ അയച്ച കത്തുമായി ബന്ധപ്പെട്ട റിമൈൻഡറുകൾ തുടർച്ചയായി കേന്ദ്രസർക്കാരിൽ നിന്ന് വകുപ്പുകൾക്ക് വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച യാതൊരു ഫയലും ഈ സർക്കാരിന്റെ കാലത്ത് മന്ത്രിമാരാരും കണ്ടിട്ടില്ല. 2012 മുതൽ മുൻ സർക്കാർ ആരംഭിച്ച നടപടിക്രമങ്ങൾ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് നിർത്തിവയ്ക്കുന്നതിന് സർക്കാർ ഉത്തരവു നൽകുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button