ന്യൂഡല്‍ഹി: 2020ല്‍ പൂര്‍ത്തിയാകുന്ന റോത്തങ് തുരങ്കത്തിന് മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് നല്‍കും. തുരങ്കം വരുന്നതോടെ ലഡാക്കില്‍ ഇന്ത്യന്‍ സൈന്യം ശക്തമാകും. ഇത് ചൈനയ്ക്കും പാകിസ്താനുമെതിരെ കടുത്ത പ്രതിരോധമുയര്‍ത്തും. വാജ്‌പേയിയുടെ 95-ാം ജന്മവാര്‍ഷിക ദിനത്തില്‍ ഡല്‍ഹിയിലെ സമാധിയില്‍ പുഷ്പങ്ങളര്‍പ്പിച്ചതിന് ശേഷമാണ് രാജ്‌നാഥ് സിങ് ഇക്കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്.
വാജ്‌പേയ്ക്കുള്ള ആദരവായാണ് തുരങ്കത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. 8.8 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 3000 മീറ്റര്‍ ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമായി മാറും.വാജ്‌പേയി പ്രധാനമന്ത്രിയായിക്കെ 2000 ഡിസംബര്‍ മൂന്നിനാണ് റോത്തങ് പാസില്‍ തുരങ്കം നിര്‍മ്മിക്കാനുള്ള തീരുമാനമെടുത്തത്. നിലവില്‍ മഞ്ഞുകാലത്ത് ഹിമാചലിലെയും കശ്മീരിലെ തന്ത്രപ്രധാന മേഖലയായ ലഡാക്കിലെയും ഉള്‍പ്രദേശങ്ങള്‍ എന്നിവയുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടുന്ന അവസ്ഥയിലാണ്. തുരങ്കം വരുന്നതോടെ ഇവയ്ക്ക് പരിഹാരമാകും.
പുതിയ തുരങ്കം വരുന്നതോടെ ഏതു കാലാവസ്ഥയിലും പ്രധാനമായും ഹിമാചലിലെ ലഹാവുലിലേക്കും സ്പിറ്റി താഴ്‌വരയിലേക്കും എത്തിച്ചേരാം. തുരങ്കം വരുന്നതോടെ വര്‍ഷം മുഴുവനും സൈനിക ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഗതാഗതം സാധ്യമാകും. ലഡാക്ക് മേഖലയില്‍ ഇന്ത്യ നേരിടുന്ന ദൗര്‍ബല്യം മറികടക്കുന്നതിലും നിര്‍ണായകമാണ് വരാനിരിക്കുന്ന തുരങ്കം.
ഭക്ഷണവും ആയുധങ്ങളും മറ്റു സാമഗ്രികളും ഇന്ത്യന്‍ സൈന്യത്തിനു എത്തിക്കാന്‍ രണ്ടു മാര്‍ഗങ്ങളാണുള്ളത്. പഞ്ചാബിലെ പത്താന്‍കോട്ട് നിന്ന് ജമ്മു, ശ്രീനഗര്‍, സോജി ലാ, കാര്‍ഗില്‍ വഴി അയക്കാം. ഹിമാചലിലെ കുളു, മണാലി, റോത്തങ് വഴി ലഡാക്കിലെ ലേയിലെത്തിക്കുകയാണ് രണ്ടാമത്തെ വഴി. എന്നാല്‍ ഈ രണ്ട് റോഡുകളും നവംബര്‍ മുതല്‍ ഏതാണ്ട് മേയ് വരെ മഞ്ഞുമൂടിക്കിടക്കും. ഈ സാഹചര്യം മറികടക്കാനാണ് തുരങ്കം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തുരങ്കം വരുന്നതോടെ ഏതു സമയത്തും ലഡാക്കിലേക്ക് സൈനിക സാമഗ്രികള്‍ സുഗമമായി എത്തിക്കാന്‍ സാധ്യക്കും.
Post Your Comments