ന്യൂഡല്‍ഹി: റെയില്‍വേ ബോര്‍ഡും നടത്തിപ്പും വലിയതോതില്‍ പരിഷ്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. നിലവിലെ എട്ട് ഗ്രൂപ്പ് എ സര്‍വീസുകള്‍ ഏകീകരിച്ച് ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസ് എന്ന ഒറ്റവിഭാഗമാക്കി. റെയില്‍വേ സംരക്ഷണസേനയും മെഡിക്കല്‍ വിഭാഗവും അതുപോലെ നില്‍ക്കും. മറ്റു വിഭാഗങ്ങളെല്ലാം ഒറ്റ കുടക്കീഴിലാവും. മെഡിക്കല്‍ വിഭാഗത്തിന്റെ പേര് ഇന്ത്യന്‍ റെയില്‍വേ ഹെല്‍ത്ത് സര്‍വീസ് എന്നാവും.
റെയില്‍വേ ബോര്‍ഡില്‍ ഇനി ചെയര്‍മാനും നാല് അംഗങ്ങളും മാത്രമേ ഉണ്ടാവൂ. നിലവില്‍ എട്ടുപേരാണുള്ളത്.വിവിധ സമിതികള്‍ ഇതുസംബന്ധിച്ചു ശുപാര്‍ശ നല്‍കിയിരുന്നു. വിവിധ തലങ്ങളിലുള്ള 1200 ഓഫീസര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇക്കാര്യം വിശദമായി ചര്‍ച്ചചെയ്തു. ചരിത്രപരമായ തീരുമാനമാണിത്. റെയില്‍വേയുടെ പ്രവര്‍ത്തനവും തീരുമാനമെടുക്കലും വേഗത്തിലാവും.റെയില്‍വേ ബോര്‍ഡ് ഇനി വകുപ്പുതലത്തിലായിരിക്കില്ല പ്രവര്‍ത്തിക്കുക.
ചെയര്‍മാന്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ആയിരിക്കും. അടിസ്ഥാന സംവിധാനം, ഓപ്പറേഷന്‍സ് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ്, റോളിങ് സ്റ്റോക്ക്, സാമ്ബത്തികം എന്നീ കാര്യങ്ങള്‍ക്കായി നാല് അംഗങ്ങളുണ്ടാവും. വിദഗ്‌ധരായ ഏതാനും സ്വതന്ത്ര അംഗങ്ങളും ബോര്‍ഡിലുണ്ടാവും. അടുത്ത 12 വര്‍ഷത്തില്‍ 50 ലക്ഷം കോടിയുടെ നിക്ഷേപത്തിലൂടെ റെയില്‍വേയുടെ ആധുനികീകരണം, സുരക്ഷ, മികച്ച സേവനം എന്നിവ ഉറപ്പാക്കി വളര്‍ച്ച ത്വരപ്പെടുത്താനാണ് പരിഷ്കരണമെന്ന് മന്ത്രി പീയൂഷ് ഗോയല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവിലെ 27 മേഖലാ ജനറല്‍ മാനേജര്‍മാര്‍ക്കും സെക്രട്ടറിയുടെ പദവി നല്‍കും. ഇപ്പോള്‍ 10 സെക്രട്ടറിതല സ്ഥാനങ്ങളാണ് റെയില്‍വേയിലുള്ളത്. മേഖലാതലത്തിലും ഡിവിഷണല്‍ തലത്തിലും ഉദ്യോഗസ്ഥര്‍ക്കു കൂടുതല്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിക്കും. തീരുമാനങ്ങള്‍ വേഗത്തിലെടുക്കാനാവും -മന്ത്രി പറഞ്ഞു.
Post Your Comments