സ്വീഡൻ: സ്വീഡനില്‍ നൂറിലേറെ ക്രിസ്ത്യന്‍ പള്ളികള്‍ അടച്ചുപൂട്ടി. വിശ്വാസികളുടെയും പ്രാര്‍ഥനയ്ക്ക് എത്തുന്നവരുടെയും എണ്ണം കുത്തനെ കുറഞ്ഞതാണ് പള്ളികള്‍ അടച്ചു പൂട്ടാൻ കാരണം. 2000 മുതല്‍ 2018 വരെ 104 പള്ളികളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ദേശീയ ചാനലായ എസ്വിടി ചാനലാണ് പള്ളികള്‍ പൂട്ടിയതിന്റെ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഓരോ പള്ളി പൂട്ടുമ്പോഴും കനത്ത ദുഖമുണ്ടാകാറുണ്ടെന്നും എന്നാല്‍ മറ്റു വഴികളില്ലാതെയാണ് പള്ളികള്‍ അടച്ചിടുന്നതെന്നും ചര്‍ച്ച് ഓഫ് സ്വീഡനില്‍ കള്‍ച്ചറല്‍ ഹെറിറ്റേജിന്റെ ചുമതലയുള്ള മാര്‍കസ് ഡല്‍ബര്‍ഗ് പറഞ്ഞു.
ആളുകള്‍ നഗരങ്ങളിലേക്ക് ചേക്കേറുന്നതും പള്ളികളില്‍ വരുന്നവരുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നു. സ്വീഡനില്‍ പള്ളികളില്‍ വരുന്നവരുടെ എണ്ണം വര്‍ഷംതോറും കുറഞ്ഞുവരികയാണ്. 2018-ലാണ് ഏറ്റവും കൂടുതല്‍ പള്ളികള്‍ അടച്ചുപൂട്ടിയത്. 2018-ല്‍ മാത്രം പത്ത് പള്ളികളാണ് പൂട്ടിയത്.
പള്ളികള്‍ അടയ്ക്കുന്നത് പലപ്പോഴും ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമാകാറുണ്ടെന്ന് ഡല്‍ബര്‍ഗ് പറഞ്ഞു. മിക്ക പള്ളികളുമായു അതിന് കീഴിലെ കുടുംബങ്ങള്‍ക്ക് വൈകാരികമായ ബന്ധമുണ്ടാകും. അപ്പൂപ്പനും അമ്മൂമ്മയും വിവാഹിതരായ പള്ളി, അല്ലെങ്കില്‍ പിതാവിനെയോ മാതാവിനെയോ അടക്കം ചെയ്തത്, ഇങ്ങനെ എന്തെങ്കിലുമൊരു ബന്ധം എല്ലാവര്ക്കും പള്ളിയുമായി ഉണ്ടാകും. കൂടാതെ ചരിത്രപ്രധാന്യമുള്ള കെട്ടിടങ്ങളുമായിരിക്കും ചിലത്.- ഡല്‍ബര്‍ഗ് പറയുന്നു.
സ്വീഡിഷ് ചര്‍ച്ചിന് ഒരു വര്‍ഷം ഏകദേശം 50 മില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ സഹായം ലഭിക്കുന്നത്. എന്നാല്‍ ഇത് ആകെ ചെലവിന്റെ കാല്‍ഭാഗം മാത്രമെ ആകുന്നുള്ളൂ. സബ്സിഡി നിരക്ക് ഉയര്‍ത്തുന്നതിനെക്കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും ഡല്‍ബര്‍ഗ് പറഞ്ഞു. ഇപ്പോള്‍ 3000 പള്ളികളാണ് ചര്‍ച്ച് ഓഫ് സ്വീഡന് കീഴില്‍ ശേഷിക്കുന്നത്.
യൂറോപ്പിലെ ഏറ്റവും വലിയ മതവിഭാഗമായ സ്വീഡിഷ് ചര്‍ച്ചില്‍ ഓരോ വര്‍ഷവും രണ്ട് ശതമാനം അംഗങ്ങളുടെ കുറവാണുണ്ടാകുന്നത്. അടച്ചുപൂട്ടിയ ചില പള്ളികള്‍ പിന്നീട് വീടുകളായും മറ്റും മാറ്റിയിട്ടുണ്ട്. ചിലത് പൊളിച്ചുകളഞ്ഞു. ചില പള്ളികള്‍ സ്കൂളുകളോ മ്യൂസിയമോ ആക്കി മാറ്റി. അടുത്തിടെ ഒരു പള്ളി ഒരു ചൈനീസ് ആര്‍ട്ടിസ്റ്റ് വാങ്ങിയിരുന്നു. 2018-ല്‍ സ്വീഡിഷ് ജനതയുടെ 57 ശതമാനമാണ് സ്വീഡിഷ് ചര്‍ച്ചില്‍ അംഗങ്ങളായുള്ളത്. 1972-ല്‍ രാജ്യത്തെ 95 ശതമാനം ജനങ്ങളും സ്വീഡിഷ് ചര്‍ച്ചിന്റെ ഭാഗമായിരുന്നു.
Post Your Comments