Latest NewsUAENews

എങ്ങും നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും; ക്രിസ്മസിനെ വരവേൽക്കാൻ ദുബായ് ഒരുങ്ങി

ദുബായ്: ക്രിസ്മസിനെ വരവേൽക്കാൻ ദുബായ് ഒരുങ്ങി. എങ്ങും നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും തെളിഞ്ഞു. ഷോപ്പിങ് മാളുകളിൽ സാന്തയും ക്രിസ്മസ് ട്രീകളും സന്ദർശകരെ ആകർഷിക്കാനായി നേരത്തെ തന്നെ എത്തി. റെസ്റ്റോറന്റുകളിലും ക്രിസ്മസ് ലഹരിയാണ്. ദേശീയദിനാഘോഷങ്ങൾ അവസാനിക്കുമ്പോൾ രാജ്യമാകെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഒരുക്കത്തിലാണ്.

ദുബായിലെ ഏറ്റവും പഴക്കംചെന്ന സെയ്ന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ ക്രിസ്മസ് രാവിലും ക്രിസ്മസ് ദിനത്തിലും പതിനായിരത്തോളം പേരെ പ്രതീക്ഷിക്കുന്നുണ്ടെന്ന് കോ-ഓർഡിനേറ്റർ ജെ. ജെയിംസ് പറഞ്ഞു. ക്രിസ്മസ് ദിനത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ യു.എ.ഇ.യിലെ വിവിധ പള്ളികളിൽ പ്രാർഥനയ്ക്കായി ആയിരക്കണക്കിന് പേരെത്തും. ആരാധകരെ സ്വീകരിക്കാൻ പ്രത്യേക ക്രമീകരണങ്ങളാണ് പള്ളികളിൽ ഒരുക്കിയിരിക്കുന്നത്.

ക്രിസ്മസ് ആഘോഷത്തിന് ജെബൽ അലിയിലെ പള്ളി, അബുദാബി സെയ്ന്റ് ആൻഡ്രൂ പള്ളി, സെയ്ന്റ് ജോസഫ്‌സ് കത്തീഡ്രൽ, സെയ്ന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, ഷാർജ സെയ്ന്റ് മൈക്കിൾസ്, തുടങ്ങിയിടങ്ങളിലും തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. മൂവായിരത്തോളം പേർ പള്ളിയിൽ എത്തുമെന്നാണ് പ്രതീക്ഷ. പൂൽക്കൂടുകളും ദീപാലങ്കാരവുമൊക്കെയായി പള്ളികൾ അണിഞ്ഞൊരുങ്ങിയിട്ടുണ്ട്.

24-ന് വൈകുന്നേരം 3.30-ന് ആരംഭിക്കുന്ന ആദ്യ മാസ് സർവീസ് രോഗികൾക്കും പ്രായമായവർക്കുംവേണ്ടി ആയിരിക്കും. പതിവ് സേവനം രാത്രി ഏഴിനും നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാത്രി 11.15-ന് കാരൾ ആലാപനത്തോടെ മാസ് സർവീസ് തുടങ്ങും. സമുദായ വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എന്നിവ എല്ലാം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ സഹകരിക്കും. ഗേറ്റ് ഒന്നിൽ നിശ്ചയദാർഢ്യമുള്ളവർക്കായി പ്രത്യേക സ്ലോട്ടുകൾ ഒരുക്കിയിട്ടുണ്ട്.

യു.എ.ഇ.യിൽ ക്രിസ്മസ് വിപണിയും സജീവമായിട്ടുണ്ട്. ശൈത്യകാല അവധിയും ക്രിസ്മസും ഒരുമിച്ചെത്തിയതോടെ ക്രിസ്മസ് ഷോപ്പിങ്ങ് പൊടിപൊടിക്കുന്നുണ്ട്. വിവിധ മാളുകളിൽ ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. വൈവിധ്യമാർന്ന കേക്കുകൾ, ക്രിസ്മസ് ട്രീകൾ, നക്ഷത്രങ്ങൾ എന്നിവയും വിപണിയിൽ വൻശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button