കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും. ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ പാർലമെന്റ് പാസാക്കിയാൽ അത് നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. ഇതിനുള്ള അധികാരം രാജ്യത്തെ ഫെഡറൽ സംവിധാനം സംസ്ഥാനങ്ങൾക്കു നൽകുന്നുണ്ടെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കൊച്ചിയിൽ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും സമാന നിലപാടുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ ഡൽഹിയിലെ ബിജെപി റാലിയിൽ പങ്കെടുത്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ലംഘനം നടത്താൻ ആരും ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാന മുഖ്യമന്ത്രിമാർക്ക് പാർലമെന്റ് പാസാക്കിയ നിയമത്തെ നടപ്പാക്കാതിരിക്കാൻ അധികാരമില്ലെന്നും അദേഹം പറഞ്ഞിരുന്നു.
പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണു ബിജെപി ശ്രമമെന്ന് മന്ത്രി ഇ.പി.ജയരാജനും ആരോപിച്ചു. ഇതിനെതിരെ സംയുക്ത സമരം അനിവാര്യമാണ്. രാജ്യം അഭിമുഖീകരിക്കുന്ന മഹാവിപത്തിനെ ഒറ്റക്കെട്ടായി നേരിടണമെന്നും ജയരാജന് കൊച്ചിയില്‍ പറഞ്ഞു.
Post Your Comments