ക്രിസ്തുമസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ആദ്യം ഓര്മ വരുന്നത് സാന്താക്ലോസിനെയാണ്. ക്രിസ്തുമസ് രാത്രികളില്‍ നമുക്ക് സമ്മാനപ്പൊതികളുമായെത്തുമെന്ന പ്രതീക്ഷയിലാണ് ഓരോ കുട്ടികളും ക്രിസ്തുമസിനെ വരവേല്‍ക്കുന്നത്. എന്നാല്‍ സാന്താക്ലോസിന്റെ പിന്നിലെ കഥയെന്താണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഏഷ്യാ മൈനര്‍ (ഇന്നത്തെ “ടര്‍ക്കി’) രാജ്യത്തുള്ള “മീറ’ എന്ന പട്ടണത്തില്‍ ജീവിച്ചിരുന്ന ഒരു മെത്രാനായിരുന്നു നിക്കൊളാസ്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചുപോയ അദ്ദേഹം പൈതൃകമായി ലഭിച്ച വലിയൊരു സ്വത്തിന്റെ ഏക അവകാശികൂടിയായിരുന്നു. ധനവാനായിരുന്നുവെങ്കിലും നല്ലൊരു ഹൃദയത്തിന്റെ ഉടമയായിരുന്ന അദ്ദേഹം സാധുക്കളെ സഹായിക്കുന്നതിലും അത്യാവശ്യക്കാര്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി രഹസ്യമായി നല്‍കുന്നതിലും അതീവതത്പരനായിരുന്നു. നിക്കൊളിസിനെപ്പറ്റി ധാരാളം ഐതീഹ്യങ്ങള്‍ നിലവിലുണ്ടെങ്കിലും അതില്‍ പ്രധാനപ്പെട്ടത് ഇങ്ങനെയാണ്.
ഒരിടത്ത് വളരെ നിര്‍ധനനായ ഒരു മനുഷ്യന് ജീവിച്ചിരുന്നുവത്രേ. സ്ത്രീധനം കൊടുക്കാന്‍ കഴിവില്ലാത്തതുമൂലം ആ പാവപ്പെട്ട മനുഷ്യന്റെ മൂന്നു പെണ്മക്കളും വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം കഴിപ്പിച്ച് അയയ്ക്കാന്‍ സാധിക്കാതെ വീട്ടില്‍ത്തന്നെ നില്‍ക്കുകയായിരുന്നു. ഇതുകണ്ട് മനസ്സലിഞ്ഞ നിക്കൊളാസ് ഒരു സഞ്ചി നിറയെ സ്വര്‍ണ്ണവുമായി രഹസ്യമായി അയാളുടെ വീട്ടില്‍ വരികയും സ്വര്ണ്ണസഞ്ചി വീട്ടിലെ പുകക്കുഴല്‍ (ചിമ്മിനി) വഴി താഴേയ്ക്ക് ഇടുകയും ചെയ്തുവെന്നാണ് ഐതീഹ്യം! ആ സഞ്ചി വന്നുവീണത് ചിമ്മിനിക്കുള്ളില്‍ ഉണങ്ങാനിട്ടിരുന്ന “സ്റ്റോക്കിങ്ങിലേക്കാണ് (Socks). ആ സ്വര്‍ണ്ണ നാണയങ്ങള്‍ ഉപയോഗിച്ച് മൂത്ത മകളുടെ വിവാഹം അയാള്‍ നടത്തി. സ്വര്‍ണ്ണനാണയങ്ങള്‍ അടങ്ങുന്ന സഞ്ചി വീണ്ടും സ്റ്റോക്കിംങ്ങിലേക്ക് വീണത് ഉപയോഗിച്ച് രണ്ടാമത്തെ മകളുടെ വിവാഹവും നടത്താന്‍ കഴിഞ്ഞെങ്കിലും തന്റെ ചിമ്മിനിയുടെ ഉള്ളിലുള്ള “സ്റ്റോക്കിങ്ങിലേക്ക് (Socks) സ്വര്‍ണ്ണനാണയങ്ങള്‍ ഇടുന്നയാളെ കണ്ടുപിടിക്കാന്‍ “ഫയര്‍പ്ലേ’സിന്റെ അരികില്‍ അയാള്‍ ഉറക്കമിളച്ച് ദിനരാത്രങ്ങള്‍ കാത്തിരുന്നു.! ഒടുവില്‍ മൂന്നാമതും സ്വര്ണ്ണസഞ്ചിയുമായി വന്ന നിക്കൊളാസിനെ അയാള്‍ തൊണ്ടിസഹിതം പിടികൂടി! താനാണ് ഈവിധത്തില്‍ ചെയ്തത് എന്നുള്ള കാര്യം മറ്റാരോടും പറയരുത് എന്ന് നിക്കൊളാസ് അപേക്ഷിച്ചത് അയാള്‍ സമ്മതിച്ചുവെങ്കിലും അധികം താമസിയാതെ ഈ വാര്‍ത്ത നാട്ടില്‍ മുഴുവന്‍ പാട്ടായി! അന്നു മുതല്‍ ആ നാട്ടില്‍ ആര്‍ക്കെങ്കിലും രഹസ്യമായി ഒരു സമ്മാനം ലഭിച്ചാല്‍ അതു നിക്കൊളാസ് കൊണ്ടുവന്നു വയ്ക്കുന്നതാണ് എന്ന വിശ്വാസം നാട്ടിലെങ്ങും നിലവില്‍ വന്നു! സമ്മാനം ലഭിക്കാന്‍വേണ്ടി സ്റ്റോക്കിങ്ങ് തൂക്കിയിടുന്ന പതിവും ഇങ്ങനെയാണുത്ഭവിച്ചതെന്നും പറയപ്പെടുന്നു!
അന്യരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സഹായിക്കുന്നവനും, ദയാലുവുമായ നിക്കൊളാസ് മെത്രാനെ കത്തോലിക്കാസഭ പിന്നീട് വിശുദ്ധനായി പ്രഖ്യാപിച്ചു. ജനുവരിമാസം ആറാം തീയതിയാണ് അദ്ദേഹത്തിന്റെ നാമകരണ തിരുനാള്‍. കുട്ടികളുടേയും, നാവികരുടേയും പുണ്യവാളനായിട്ടാണ് വി. നിക്കൊളാസ് അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടില്‍ വി. നിക്കൊളാസിനെക്കുറിച്ചുള്ള കഥകള്‍ക്കും, ആചാരങ്ങള്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ മതിപ്പുണ്ടായിരുന്നില്ല. എങ്കിലും ക്രിസ്തുമസ് കാലമാകുമ്പോള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്കാന് ഒരാള്‍ ആവശ്യമായി വന്നതിന്റെ പേരില്‍ ഇംഗ്ലണ്ടിലും പരിസരത്തുമുള്ള സ്ഥലങ്ങളില്‍ വി. നിക്കൊളാസ് “ഫാദര്‍ ക്രിസ്തുമസ്’ എന്നപേരില്‍ അറിയപ്പെടാന്‍ തുടങ്ങി! എന്നാല്‍ സ്കോട്ട്ലന്ഡിലാകട്ടെ അദ്ദേഹത്തിനെ “സാന്താ’ എന്ന പേരിലാണ് അറിഞ്ഞിരുന്നത്. ഫ്രാന്‍സില്‍ “പെരേ നോയെന്‍’ എന്നും, ജര്‍മ്മനിയില്‍ “ക്രൈസ്റ്റ് കൈന്‍ഡ്’ എന്നുമുള്ള പേരുകളാണ് വി. നിക്കൊളാസിനു ലഭിച്ചത്. പുരാതന അമേരിക്കക്കാര്‍ “ക്രിസ്ക്രിങ്കിള്’ എന്നു വിളിച്ചുപോന്നിരുന്ന നിക്കൊളാസിനെ ഡച്ചുകാരുടെ ആഗമനത്തോടുകൂടി പഴയ കഥകളുടെ അടിസ്ഥാനത്തില്‍ “സിന്റര്‍ക്ലാസ്’ എന്നും പിന്നീട് “സാന്താക്ലോസ്’ എന്നും വിളിക്കാന്‍ തുടങ്ങി. അങ്ങനെയാണ് വി. നിക്കൊളാസ് സാന്താക്ലോസ് ആയത്!
Post Your Comments