തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധങ്ങളെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച മംഗലാപുരത്ത് കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ നിർണായക ഇടപെടലുമായി സംസഥാന സർക്കാർ. പോലീസ് സുരക്ഷയിൽ കെഎസ്ആർടിസി ബസുകളിൽ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മൂന്ന് മണിയോട് കൂടി മംഗലാപുരത്തെ പമ്പെൽ സർക്കിളിൽ കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ എത്തും. വിദ്യാർത്ഥികൾക്ക് ഈ ബസുകളിൽ കയറി കേരളത്തിലേക്ക് വരാം. പോലീസ് സംരക്ഷണയിലാവും സർവ്വീസ് നടത്തുക. കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ കാസർഗോഡ് എത്തിക്കാനാണ് ശ്രമം. ഇതിനായി കാസർഗോഡ് ജില്ലാ കളക്ടർ ബസുകളുടെ സുരക്ഷ ഉറപ്പാക്കാനായി മംഗളൂരു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ട്. മംഗലാപുരത്തെ മലയാളി വിദ്യാർത്ഥികളോട് പമ്പെൽ സർക്കിളിൽ എത്താനും നിർദേശം നൽകി.
അതേസമയം മംഗലാപുരത്ത് കർഫ്യൂവിന് താത്കാലിക ഇളവ് പ്രഖ്യാപിച്ചു. ഇന്നു വൈകിട്ട് മൂന്ന് മണി മുതൽ ആറ് മണി വരെയാണ് ഇളവ് പ്രഖ്യാപിച്ചത്. മംഗലാപുരത്ത് കർണാടക മുഖ്യമന്ത്രി പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നാളെ പകലും കർഫ്യുവിൽ ഇളവ് നൽകിയിട്ടുണ്ട്.
Post Your Comments