ലക്നൗ : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ വെള്ളിയാഴ്ച യുപിയിൽ കൊല്ലപ്പെട്ടത് 6 പേരെന്ന് ഡിജിപി. എന്നാൽ ഇവർ മരണപ്പെട്ടത് പൊലീസ് വെടിവയ്പിൽ അല്ലെന്നും ഉത്തർപ്രദേശ് ഡിജിപി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ വലിയ പ്രതിഷേധമാണ് വെള്ളിയാഴ്ച ഉണ്ടായത്. ഏഴ് സ്ഥലങ്ങളിൽ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. സംസ്ഥാനത്ത് ആകെ 15 ജില്ലകളിലാണ് ഇന്‍റര്‍നെറ്റ് നിരോധിച്ചിരിക്കുന്നത്.
പ്രതിഷേധക്കാർ നിരവധിയിടങ്ങളില്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. പൊതുമുതല്‍ നശിപ്പിച്ചതിനും കലാപമുണ്ടാക്കിയതിനും സമാജ്‍വാദി പാര്‍ട്ടി എംപി ഷഫിഖുര്‍ റഹ്‍മാനെതിരെയും കേസെടുത്തിട്ടുണ്ട്. അലിഗഡില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബുലന്ദ്ശഹര്‍, മീററ്റ്, ഗൊരഖ്പൂര്‍, ഹാപൂര്‍, ഘാസിയാബാദ്, മുസഫര്‍നഗര്‍ എന്നിവിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പൊലീസിന് നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. യുപിയില്‍ ഇതുവരെ 350 പേരെയാണ് സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.
അതിനിടെ, ഡല്‍ഹി ജമാ മസ്ജിദിന് പുറത്ത് രാത്രിയും സമാധാനപരമായ പ്രതിഷേധം തുടരുകയാണ്. രാജ്യതലസ്ഥാനത്തെ ഇന്ത്യാ ഗേറ്റിലും കൊണാട്ട് പ്ലേസിലും പ്രതിഷേധ പ്രകടനം നടന്നു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലാണ് ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍നിന്ന് ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ച് തുടങ്ങിയത്.
Post Your Comments