ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവില്‍ അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെയും പൊതുസ്വത്തുകള്‍ നശിപ്പിക്കുന്നവര്‍ക്കുമെതിരെയും കടുത്ത നടപടിയെന്ന് യോഗി ആദിത്യനാഥ്. പൊതുമുതല്‍ നശിപ്പിക്കുന്ന അക്രമികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കലാപകാരികളെ കരുതല്‍ തടങ്കലിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിന്റെ പേരില്‍ കലാപം നടത്തരുന്നതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമസംഭവങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ഇവരുടെ കൈയില്‍ നിന്നു തന്നെ ഈടാക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ യു.പി.യിലെ പലയിടങ്ങളിലും സംഘര്‍ഷം രൂക്ഷമായിരുന്നു. അതിനിടെ ലക്‌നൗവില്‍ കലാപം നടത്തിയ 40 പേരെ പോലീസ് പിടികൂടി. പ്രദേശത്ത് ആയിരക്കണക്കിന് ആളുകളാണ് ആക്രമണം നടത്തുന്നത്. നിരവധി വീടുകള്‍ കലാപകാരികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്.
50 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് ലക്‌നൗ എസ്എസ്പി കലാനിധി നൈധിനി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഹസ്രത് ഗഞ്ചിലാണ് വ്യാപകമായി കലാപകാരികള്‍ ആക്രമണം നടത്തുന്നത്. ഹസ്രത് ഗഞ്ചില്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments