![](/wp-content/uploads/2021/09/modi-bjp.jpg)
ന്യൂഡൽഹി: അടുത്ത വർഷം ആദ്യം നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ബിജെപി അധികാരം നിലനിർത്തുമെന്നു അഭിപ്രായ സർവേ. ഇത് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് കളമൊരുക്കുകയും ചെയ്യും. എബിപി-സി വോട്ടർ സർവേയുടെ ആദ്യ റൗണ്ട് പ്രവചനമനുസരിച്ച്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ ബിജെപിക്ക് ഉജ്ജ്വല വിജയങ്ങൾ സമ്മാനിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ പഞ്ചാബ് തൂക്കുസഭയ്ക്ക് സാക്ഷ്യം വഹിക്കും. കോൺഗ്രസ് ഈ അഞ്ചു സംസ്ഥാനങ്ങളിലും തകർന്നടിയുമെന്നു തന്നെയാണ് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വെറും ആറുമാസം മാത്രമുള്ളപ്പോൾ, കോൺഗ്രസ് പാർട്ടി അധികാരമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. എന്നാൽ ഇവിടെ കോൺഗ്രസിന്റെ സാധ്യതകളെ എഎപി തകർക്കുന്നതായാണ് സർവേ കാണിക്കുന്നത്.
കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 2017നെക്കാള്‍ പത്ത് ശതമാനം കുറഞ്ഞ് 28.8 ശതമാനമാകുമെന്നും എഎപിയുടേത് 23.7 ശതമാനത്തില്‍ നിന്ന് 35.1 ശതമാനമായി ഉയരുമെന്നുമാണ് പ്രവചനം. 51 മുതല്‍ 57 സീറ്റ് എഎപി നേടുമെന്നും കോണ്‍ഗ്രസ് 38-46 സീറ്റ് നേടുമെന്നും സർവേയിൽ വ്യക്തമാക്കുന്നു. ശിരോമണി അകാലിദൾ 16-24 സീറ്റ് നേടുമെന്നുമാണ് പ്രവചനം
403 നിയമസഭാ സീറ്റുകളുള്ള ഉത്തർപ്രദേശാണ് കേന്ദ്ര നേതൃത്വമുൾപ്പെടെ ഉറ്റുനോക്കുന്ന സംസ്ഥാനം. കേന്ദ്രം ഭരിക്കുന്ന പാർട്ടികളുടെ ഭാഗധേയം നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് വലിയ വിജയമാണ് പ്രവചിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 259-267 സീറ്റുകൾ നേടി ബിജെപി അധികാരത്തില്‍ തുടരും. സമാജ്‌വാദി പാര്‍ട്ടിക്ക് 109-117 സീറ്റും ബിഎസ്പിക്ക് 12-16 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. യുപിയിൽ കോണ്‍ഗ്രസിന് വെറും 3-7 സീറ്റ് ലഭിക്കുമെന്നാണ് സർവേ ഫലം.
മുഖ്യമന്ത്രി എന്ന നിലയിൽ യോഗി ആദിത്യനാഥിന്റേത് മികച്ച ഭരണമാണെന്ന് 44 ശതമാനം പേർ വിലയിരുത്തി. മണിപ്പൂരില്‍ 32-36 നേടി ബിജെപി ഭരണത്തുടര്‍ച്ച നേടുമ്പോൾ കോണ്‍ഗ്രസിന് 18-22 സീറ്റും നാഗ പീപ്പിള്‍ഫ്രണ്ടിന് 2-6 സീറ്റും ലഭിക്കുമെന്നാണ് എബിപി-സീ വോട്ടര്‍ സര്‍വേ ഫലം വ്യക്തമാക്കുന്നത്. അതേസമയം ഗോവയില്‍ 40 സീറ്റില്‍ 22-26 സീറ്റ് നേടി ബജെപി ഭരണം നിലനിര്‍ത്തുമ്പോൾ എഎപി 4-8 സീറ്റും കോണ്‍ഗ്രസ് 3-7 സീറ്റും നേടുമെന്നാണ് പ്രവചനം. ഉത്തരാഖണ്ഡില്‍ 70 സീറ്റില്‍ 44-48 സീറ്റുകള്‍ നേടി ബിജെപി ഭരണം നിലനിര്‍ത്തുമ്പോൾ കോണ്‍ഗ്രസിന് 19-23 സീറ്റും എഎപിക്ക് 2 സീറ്റും ലഭിക്കുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.
Post Your Comments