തിരുവനന്തപുരം: മുൻമന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിയമസഭാംഗമെന്ന നിലയിൽ കുട്ടനാട് പ്രദേശത്തിന്റെ വികസനത്തിന് തോമസ് ചാണ്ടി ചെയ്ത കാര്യങ്ങൾ ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഴുവൻ വോട്ടർമാർക്കും പ്രാപ്യനായ ജനപ്രതിനിധി എന്ന നിലയിൽ തോമസ് ചാണ്ടിക്ക് ലഭിച്ച അംഗീകാരം വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് നിർണായകമായ ഇടപെടലുകൾ അദ്ദേഹം നടത്തിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രാഷ്ട്രീയത്തിലേക്ക് വന്ന തോമസ് ചാണ്ടി വ്യവസായ സംരംഭകൻ എന്ന നിലയിലും അറിയപ്പെട്ടു. കുവൈറ്റിൽ വിദ്യാഭ്യാസ മേഖലയിൽ ശക്തമായ സാന്നിധ്യമായിരുന്നു തോമസ് ചാണ്ടി. ടൂറിസം വികസന കാര്യത്തിൽ പ്രത്യേക ശ്രദ്ധാലുവായിരുന്ന ചാണ്ടി മന്ത്രിയെന്ന നിലയിലും പ്രാഗത്ഭ്യം തെളിയിച്ചു. ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും ജനമനസ്സുകളിൽ സ്ഥാനം നേടാൻ തോമസ് ചാണ്ടിക്ക് സാധിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം റേഡിയേഷന്‍ അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. ഇന്ന് ആരോഗ്യനില കൂടുതല്‍ വഷളായി മരണപ്പെടുകയായിരുന്നു. എറണാകുളം കടവന്ത്രയിലുള്ള വസതിയില്‍ വച്ചായിരുന്നു തോമസ് ചാണ്ടിയുടെ അന്ത്യം.
Post Your Comments