Latest NewsNewsIndia

നിര്‍ഭയ കേസില്‍ അക്ഷയ് സിങിന്റെ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതി അക്ഷയ് സിങ്ങിന്റെ വധശിക്ഷ സുപ്രീം കോടതി ശരി വച്ചു.അക്ഷയ് സിംങ് നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് ആര്‍.ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. 2017 ലെ വിധിയില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി തള്ളിയത്. നാല് പ്രതികളിലൊരാളായ അക്ഷയ് സിംങ് ഠാക്കൂര്‍ ഡിസംബര്‍ 12 നാണ് പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. മറ്റ് മൂന്ന് പ്രതികളും സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ 2018 ജൂലായില്‍ തള്ളിയിരുന്നു. തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് പ്രതിഭാഗം അഭാഭാഷകന്‍ അറിയിച്ചു.

രാഷ്ട്രീയ അജന്‍ഡയെന്നും കേസില്‍ വധശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടുന്നുവെന്നും പ്രതിഭാഗം ആരോപിച്ചു. കേസിന്റെ തുടക്കം മുതല്‍ രാഷ്ട്രീയ സമ്മര്‍ദം പ്രകടമായിരുന്നു. വിചാരണ നീതിപൂര്‍വ്വമല്ല. ഡല്‍ഹി ഗ്യാസ് ചേംബറായതിനാല്‍ ഇവിടെ പ്രത്യേക വധശിക്ഷ ആവശ്യമില്ലെന്നും പ്രതിഭാഗം ഉന്നയിച്ചു. പുരാണങ്ങള്‍ ഉദ്ധരിച്ചുള്ളവാദങ്ങളില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

മറ്റൊരു പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി പിന്‍വലിച്ചതോടെ ഇയാളെ കഴിഞ്ഞയാഴ്ച തീഹാര്‍ ജയിലിലേക്ക് കൊണ്ടുവന്നിരുന്നു. ദില്ലിയിലെ മാണ്‍ഡൂലി ജയിലിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്. കേസില്‍ കുറ്റക്കാരായ അക്ഷയ്, മുകേഷ് സിംഗ്, പവന്‍ ഗുപ്ത് എന്നിവര്‍ തീഹാര്‍ ജയിലില്‍ തന്നെയാണ് ഉള്ളത്. പ്രതിയായിരുന്ന റാം സിംഗിന്റെ ആത്മഹത്യക്ക് ശേഷം ഇവരെ പല സ്ഥലങ്ങളിലേക്ക് മാറ്റിരുന്നു.

പുനപരിശോധന ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ കഴിഞ്ഞദിവസം പിന്മാറിയിരുന്നു. കേസില്‍ മുന്‍പ് തന്റെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്ഡെ ഹാജരായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. മറ്റ് മൂന്ന് പ്രതികളുടെ പുനപരിശോധന ഹര്‍ജി പരിഗണിച്ചപ്പോള്‍ നിര്‍ഭയയുടെ കുടുംബത്തിനായി അഡ്വ. അര്‍ജുന്‍ ബോബ്ഡെ ഹാജരായിരുന്നു.

2012 ഡിസംബര്‍ 16 ന് ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ചാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിന് ഇരയായത്. ക്രൂരമായ പീഡനത്തിന് ഇരയായ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും പ്രതികള്‍ വഴിയില്‍ തള്ളുകയും ചെയ്തു. പിന്നീട് ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ സിംഗപ്പൂരില്‍ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും മരണത്തിന് കീഴടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button