ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി ജഐന്‍യു സമരനായകന് കനയ്യകുമാര്‍ എത്തി.പ്രതിഷേധം മുസ്ലിംകള്‍ക്കു വേണ്ടി മാത്രമല്ലെന്നും രാജ്യത്തിന്റെ മൊത്തം സുരക്ഷിതത്വത്തിനു വേണ്ടിയുള്ളതാണെന്നും കനയ്യകുമാര്‍ ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമത്തേക്കാള്‍ ഭീകരമാണു ദേശീയ പൗരത്വ രജിസ്ട്രേഷന്. ഇവ രണ്ടിനും എതിരേ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണമെന്നും കനയ്യകുമാര്‍ ആഹ്വാനം ചെയ്തു.
സര്‍വകലാശാലയുടെ ഏഴാം നമ്പര്‍ ഗേറ്റില്‍ കനയ്യകുമാര്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഇത് പറഞ്ഞത്. സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചെങ്കോട്ടയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ജാമിയയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സര്‍വകലാശാലയിലെ അധ്യാപക സംഘടന ബുധനാഴ്ച സമാധാന മാര്‍ച്ച് നടത്തിയിരുന്നു.ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ നിരത്തിലിറങ്ങി പ്രക്ഷോഭം നടത്തിയ സീലംപൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടു പേര് അറസ്റ്റിലായിട്ടുണ്ട്.
വടക്ക് കിഴക്കന്‍ ഡല്‍ഹി മേഖല കര്‍ശന പോലീസ് നിരീക്ഷണത്തിലാണ്. അതേസമയം പൗരത്വ ബില്ലിനെതിരേ ഡല്‍ഹിയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിനിയുമായി കോളജ് വിദ്യാര്‍ഥികള്‍ റാലി നടത്തി. പരപ്പനങ്ങാടി കോ: ഓപ്പറേറ്റീവ് കോളജിലെ വിദ്യാര്‍ഥികളാണ് ഡല്‍ഹി ലോ കോളജ് വിദ്യാര്‍ഥിനിയും കാംപസ് ഫ്രണ്ട് നേതാവുമായ പരപ്പനങ്ങാടി തയ്യില്‍ ആദില ബാനുവുമായി പരപ്പനങ്ങാടിയില്‍ വന്‍ വിദ്യാര്‍ഥി റാലി നടത്തിയത്.
Post Your Comments