ചെന്നൈ : പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു നീക്കി. മദ്രാസ് സർവ്വകലാശാല ക്യാമ്പസിൽ നിന്നും ബുധനാഴ്ച രാത്രി പതിനൊന്നോടെ
30തോളം വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. നിയമം റദ്ദാക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് അറസ്റ്റിലായ വിദ്യാർത്ഥികൾ അറിയിച്ചു. വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതോടെ മദ്രാസ് സര്‍വകലാശാല തിങ്കളാഴ്ച വരെ അടച്ചിരുന്നതിനാൽ ഹോസ്റ്റല്‍ ഒഴിയാന്‍ വിദ്യാർത്ഥികളോട് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു വിസമ്മതിച്ചവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്.
നേരത്തെ മദ്രാസ് സർവകലാശാലയിൽ എത്തിയ കമൽ ഹാസനെ പോലീസ് തടഞ്ഞിരുന്നു. മദ്രാസ് സർവ്വകലാശാലയ്ക്ക് പുറമെ ചെന്നൈയിലെ മറ്റ് കോളേജുകളിലും അനിശ്ചിതകാല സമരം ആരംഭിച്ചു. പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്ന് ഡിഎംകെ അറിയിച്ചിട്ടുണ്ട്.
അതേസമയം കർണാടകയിൽ നിരോധനാജ്ഞ . പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തെ തുടർന്നും, സംഘർഷ സാധ്യതയെന്ന രഹസ്യാന്വേഷണത്തിൻറെ മുന്നറിയിപ്പിനെ തുടർന്നും ശനിയാഴ്ച്ച വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മുൻകരുതൽ നടപടി മാത്രമാണ് നിരോധനജ്ഞയെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. മംഗളൂരുവിലും കലബുറഗിയിലും സമരങ്ങൾ തുടരുന്നുവെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിൽ സമരം ചെയ്ത വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസും ഇടതുപാർട്ടികളും വിവിധ സംഘടനകളും നാളെ മുതൽ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments