തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരെ പിണറായി വിജയൻ സര്‍ക്കാരുമായി ചേര്‍ന്ന് സമരം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍. പ്രതിപക്ഷ നേതാവ് ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തോട് പറഞ്ഞ അഭിപ്രായം പരസ്യമായി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ബെന്നി ബെഹ്നാന്‍ പ്രതികരിച്ചു. ആരുടെയും ക്ഷണം സ്വീകരിച്ച് ഇനി സമരത്തിനില്ല. സമരത്തിനായി ആരുടെയും ഔദാര്യം വേണ്ടെന്നും ആരുടെയും പിന്നാലെ പോകില്ലെന്നും ബെന്നി ബെഹ്നാന്‍ തുറന്നടിച്ചു.
യു ഡി എഫ് സമരത്തിന്റെ ഭാഗമായിട്ടില്ലെന്നും പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികള്‍ എന്ന രീതിയില്‍ സംഘടിപ്പിച്ചതാണ് സംയുക്ത സമരമെന്നും യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനെതിരെ ധവളപത്രമുള്‍പ്പെടെ പുറത്തിറക്കിയ പ്രതിപക്ഷം, സര്‍ക്കാരുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പ്രതിഷേധത്തിനെതിരെ യുഡിഎഫിലെ അതൃപ്തി പരസ്യമായിരിക്കുകയാണ്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ തന്നെ രംഗത്തെത്തിയത് ഇതിൻ്റെ സൂചനയാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടര്‍ സമര പരിപാടികള്‍ ആലോചിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മുന്നണിയോഗത്തില്‍ ഘടകകക്ഷികളില്‍ ഭൂരിഭാഗവും പ്രതിപക്ഷ നേതാവിന്റെ തീരുമാനത്തിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ആര്‍ എസ് പി, യോഗത്തില്‍ നിന്ന് തന്നെ വിട്ടുനിന്നു. വിഷയത്തില്‍ കോണ്‍ഗ്രസ്സിലും ഭിന്നത രൂക്ഷമാണ്. അടിയന്തര യോഗമായിരിന്നിട്ടും കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ മുന്നണിയോഗത്തില്‍ പങ്കെടുത്തില്ല. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ പരോക്ഷമായി വിമര്‍ശിച്ചുള്ള യുഡിഎഫ് കണ്‍വീനറിന്റെ പ്രതികരണം.
Post Your Comments