KeralaLatest NewsNews

പൊലീസ് സേനയിലേക്കുള്ള പരീക്ഷ: എല്ലാ സെന്ററുകളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ ഡിജിപി നിർദേശം നൽകി

തിരുവനന്തപുരം: പൊലീസ് സേനയിലേക്കുള്ള പരീക്ഷ നടക്കുന്ന എല്ലാ സെന്ററുകളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. പിഎസ്‌സി പരീക്ഷാ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി ഡിജിപിക്കു നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണു നടപടി. ജനറൽ ഹെഡ് കോൺസ്റ്റബിൾ പരീക്ഷ, ഹവീൽദാർ സ്ഥാനക്കയറ്റ പരീക്ഷ, നിർബന്ധിത പരീക്ഷകൾ തുടങ്ങിയവ നടക്കുന്ന സെന്ററുകളിലാണു ക്യാമറ സ്ഥാപിക്കുന്നത്. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിലും തൃശൂർ പൊലീസ് അക്കാദമിയിലും ജില്ലാ പൊലീസ് കേന്ദ്രങ്ങളിലുമാണ് പരീക്ഷകൾ നടത്തുന്നത്.

പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് മേധാവി ഡിജിപിക്കു ശുപാർശ നൽകിയത്. വകുപ്പുതല പരീക്ഷകളുടെ ചോദ്യങ്ങൾ ഉണ്ടാക്കുന്നതും പരീക്ഷ നടത്തുന്നതും ഹാളുകളിൽ ഇൻവിജിലേറ്റർമാരായി ഇരിക്കുന്നതും സേനയിലെ ഉദ്യോഗസ്ഥരാണ്. ഹാളിൽ ക്യാമറ സ്ഥാപിച്ച് ക്രമക്കേടുകൾ തടയണമെന്നും പരീക്ഷാ ലിസ്റ്റിന്റെ കാലാവധി തീരുംവരെ ക്യാമറയുടെ ഹാർഡ് ഡിസ്ക് സൂക്ഷിക്കണമെന്നും ശുപാർശയിൽ പറയുന്നു.

അക്കാദമിയിലും പൊലീസ് ട്രെയിനിങ് കോളജിലും സ്ഥിരം ക്യാമറകളും മറ്റു പരീക്ഷാ കേന്ദ്രങ്ങളിൽ താൽക്കാലിക ക്യാമറകളുമാണ് സ്ഥാപിക്കുന്നത്. പൊലീസിന്റെ ശാരീരികക്ഷമതാ പരീക്ഷകളിലും ക്രൈംബ്രാഞ്ച് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷകളിലും ഇതിനോടകം തന്നെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button