ലക്നൗ: ഇരട്ടക്കൊലപാതകക്കേസിലെ പ്രതി കോടതി മുറിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ ഷാനവാസ് അന്സാരി(50)യാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബിജിനൂര്‍ കോടതിമുറിയില്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ പ്രതിയെ ഹാജരാക്കിയത്. ഈ സമയത്തായിരുന്നു ഇയാള്‍ക്ക് നേരെ മൂന്നംഗ സംഘം വെടിയുതിര്‍ത്തത്.
മൂന്ന് പേര് തോക്കുമായി കോടതിയിലെത്തിയിരുന്നു. കോടതിമുറിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഉടന്‍ തന്നെ ഇവരെ പിടികൂടി. വെടിയൊച്ച കേട്ടതോടെ എല്ലാവരും നിലത്ത് കിടന്നു. ഒരു കോടതി ജീവനക്കാരന് പരിക്കേറ്റു. ഒരു സിനിമാ രംഗം പോലെയായിരുന്നു എല്ലാം എന്ന് അഭിഭാഷകന്‍ അതുല്‍ സിസോദിയ പറഞ്ഞു.
ബഹുജന് സമാജ്വാദി പാര്‍ട്ടി നേതാവ് ഹാജി അഹ്സന്‍ ഖാനെയും ബന്ധുവിനെയും കൊന്ന കേസിലെ പ്രതിയാണ് മരിച്ച ഷാനവാസ് അന്‍സാരി. ഹാജി അഹ്സന്റെ മകനും മറ്റ് രണ്ടുപേരും ചേര്‍ന്നാണ് ഷാനവാസിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments