Latest NewsKeralaNews

ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ പൊലീസ് അക്രമം : തങ്ങളുടെ വ്യക്തമായ നിലപാട് രേഖപ്പെടുത്തി മലയാളത്തിലെ പ്രമുഖ യുവതാരനിര

കൊച്ചി : ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് മലയാളത്തിലെ പ്രമുഖ താരനിര . സോഷ്യല്‍ മീഡിയയിലൂടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുണ്ടായ ആക്രമണത്തെ കുറിച്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാലയിലുണ്ടായ പ്രതിഷേധത്തെ പൊലീസ് അടിച്ചമര്‍ത്തിയതിന് പിന്നാലെ രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ ആളിപ്പടരുകയാണ്. ഇതിനിടയിലാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കി മലയാള സിനിമാ താരങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായാണ് താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചത്. മലയാളത്തിന്റെ യുവനിര താരങ്ങളെല്ലാം വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനൊപ്പം നില്‍ക്കുകയും അവര്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Read Also : പൗരത്വനിയമ ഭേദഗതി ബില്ലിനെ കുറിച്ച് നിങ്ങള്‍ ശരിയ്ക്ക് പഠിയ്ക്കൂ എന്നിട്ട് സമരത്തിനിറങ്ങൂ… സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് കേന്ദ്ര-ആഭ്യന്തരമന്ത്രി അമിത് ഷാ

നടിമാരായ അമല പോള്‍, പാര്‍വ്വതി തിരുവോത്ത്, അനാര്‍ക്കലി മരയ്ക്കാര്‍, ദിവ്യപ്രഭ, രജിഷ വിജയന്‍, ശ്രിന്ധ, തന്‍വി റാം, നൈല ഉഷ, നടന്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ജയസൂര്യ, അനൂപ് മേനോന്‍, ഷെബിന്‍ ബെന്‍സണ്‍, ബിനീഷ് ബാസ്റ്റിന്‍, സംവിധായകരായ ആഷിക് അബു, മുഹ്‌സിന്‍ പെരാരി തുടങ്ങിയവരെല്ലാം വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനൊപ്പമെന്ന് പോസ്റ്റുകളിലൂടെ അറിയിച്ചു.

ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുമ്പോഴല്ല, മറുഭാഗം നിശബ്ദരാകുമ്പോഴാണ് ഫാസിസം ശക്തിപ്പെടുന്നതെന്ന് നൈല ഉഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ജാമിയയിലെ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പൊലീസിന് നേരെ കൈചൂണ്ടി എതിര്‍ത്ത വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് റെന്നെയുടെ കാര്‍ട്ടൂണ്‍ നല്‍കി ‘ഇന്ത്യ നിന്റെ തന്തയുടേതല്ല’ എന്നാണ് അമല പോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറി നല്‍കിയത്. മാപ്പ് ജാമിയ എന്നാണ് പാര്‍വ്വതി തിരുവോത്തിന്റെ പ്രതികരണം. ”ജാമിയയില്‍ ഞാന്‍ പോയിട്ടുള്ളതാണ്. നിങ്ങള്‍ എല്ലാവരും സുരക്ഷിതരാണെന്ന് കരുതുന്നു” – പാര്‍വ്വതി കുറിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജും രംഗത്ത് എത്തി. വിദ്യാര്‍ഥികളുടെ പ്രതിഷേധ പ്രകടനത്തിന്റെ ഫോട്ടോ പങ്കുവച്ചാണ് പൃഥ്വിരാജ് പ്രതികരണം അറിയിച്ചിരിക്കുന്നത്. വിപ്ലവം എപ്പോഴും സ്വദേശീയമായി തന്നെയാണ് ഉണ്ടാകുന്നത് എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്.

ചൂണ്ടിയ ആ വിരല്‍ മതി രാജ്യത്തെ കുട്ടികളെ ഒരുമിച്ച് നിര്‍ത്താന്‍. ഭരണഘടനയോട് സത്യമുള്ളവരാവുക, രാജ്യത്തിന്റെ യഥാര്‍ത്ഥ മകളും മകനുമാവുക’ എന്നാണ് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ‘നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, മതേതരത്വം നീണാള്‍ വാഴട്ടെ’ എന്ന് ഇന്ദ്രജിത്തും ‘ടീമേ, ജനിച്ചത് ഇന്ത്യയില്‍ തന്നെയാണ്. ജീവിക്കുന്നതും മരിക്കുന്നതും ഇന്ത്യയില്‍ത്തന്നെയായിരിക്കും. ഉമ്മാക്കിയുമായി ഒരു അമിട്ടും ഇങ്ങോട്ട് വരേണ്ട’, ബിനീഷ് ബാസ്റ്റിനും പ്രതികരിച്ചു.

പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച ജാമിയ മിലിയ ഇസ്ലാമിയ അടക്കമുള്ള സര്‍വ്വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയോട് വിയോജിപ്പ് രേഖപ്പെടുത്തി ടൊവീനോ തോമസും രംഗത്തെത്തി. അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ടൊവീനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ടൊവീനോയുടെ പോസ്റ്റ്.

‘ഒരിക്കല്‍ കുറിച്ചത് വീണ്ടും ആവര്‍ത്തിക്കുന്നു. അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കും. ഹാഷ് ടാഗ് ക്യാമ്പെയ്നുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും! ചരിത്രം പഠിപ്പിക്കുന്നത് അതാണ്!’, ടൊവീനോയുടെ കുറിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button