ന്യൂഡല്‍ഹി :രാജ്യത്ത് പ്രതിഷേധം ആളിക്കത്തിച്ച ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ഇന്നേയ്ക്ക് ഏഴ് വര്‍ഷം. കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച 5 പേരില്‍ നാലു പേര്‍ തിഹാര്‍ ജയിലിലാണ്. ഒരാള്‍ വിചാരണയ്ക്കിടെ തൂങ്ങി മരിച്ചിരുന്നു.
Read Also : നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ; മീററ്റ് ജയിലിലെ ആരാച്ചാർ റെഡി
പ്രതികളുടെ വധശിക്ഷാ നടപടികള്‍ അവസാന ഘട്ടത്തിലാണ്. അതിനിടെ പ്രതികളില്‍ ഒരാളായ അക്ഷയ് ഠാക്കൂര്‍ വധശിക്ഷയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി അടുത്ത ദിവസം സുപ്രീം കോടതി പരിഗണിക്കും. മറ്റു പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ തന്നെ കോടതി തള്ളിയിരുന്നു. പോക്സോ കേസുകളിലും പീഡനകേസുകളിലും ശിക്ഷക്കപ്പെട്ടവര്‍ മാപ്പിനര്‍ഹരല്ല. ദയാഹര്‍ജി നല്‍കേണ്ടതില്ലെന്ന രാഷ്ട്രപതിയുടെ പ്രസ്താവനയും പ്രതികളുടെ വധശിക്ഷയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. പ്രതികളിലൊരാളുടെ ദയാഹര്‍ജി പരിശോധിക്കുന്നതിനിടെയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവരാണ് വധ ശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ടവര്‍.
നിര്‍ഭയ ദിനത്തില്‍ വധശിക്ഷാ നടപ്പാക്കുമെന്ന് ഏറെ കുറെ തീരുമാനമായ സമയത്താണ് അക്ഷയ് ഠാക്കൂര്‍ ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്നാണ് ചൊവ്വാഴ്ചയിലേക്ക് ഹര്‍ജി പരിഗണിക്കാന്‍ മാറ്റിവെച്ചത്. ഇതിനിടെ പ്രതികളുടെ വധശിക്ഷ വേഗത്തിലാക്കണമെന്ന് കാണിച്ച് നിര്‍ഭയയുടെ അമ്മ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി 18 ന് പാട്യാല കോടതി പരിഗണിക്കും.
വധശിക്ഷ നടപ്പാക്കുന്നതിന് തിഹാര്‍ ജയില്‍ അധികൃതര്‍ രണ്ട് ആരാച്ചാരെ വേണമെന്നാവശ്യപ്പെട്ട് യുപി ജയില്‍ അധികൃതര്‍ക്ക് കത്തയച്ചിരുന്നു. ആരാച്ചാരെ വിട്ടു കൊടുക്കുമെന്ന് യുപി സര്‍ക്കാരും ഉറപ്പ് നല്‍കിയിരുന്നു. അതൊടോപ്പം 10 തൂക്കു കയര്‍ നിര്‍മ്മിക്കാന്‍ ബക്സര്‍ ജയില്‍ അധികൃതര്‍ക്ക് തിഹാര്‍ ജയിലധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആരാച്ചാരെ ലഭിച്ചതിനാല്‍ പട്യാല ഹൗസ് കോടതി ഉടന്‍ വധശിക്ഷ വിധിക്കുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ.
2012 ഡിസംബര്‍ 16-നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്. രാംസിങ്, മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. വിചാരണ കാലയളവില്‍ രാംസിങ് ആത്മഹത്യ ചെയ്തിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത പ്രതി 2015-ല്‍ മോചിതനായി.
Post Your Comments