കൊൽക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായതിനെ തുടർന്ന് സന്തോഷ് ട്രോഫി ഫുട്‌ബോൾ മൽസരങ്ങൾ മാറ്റിവെച്ചു. ഫൈനൽ റൗണ്ട് മത്സരങ്ങൾ ആണ് മാറ്റിവെച്ചത്. ജനുവരിയിൽ മിസോറാമിൽ നടക്കേണ്ട മൽസരങ്ങളാണ് മാറ്റിവെച്ചത്. ഏപ്രിൽ മാസത്തിൽ മൽസരങ്ങൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ജനുവരി 10 മുതല്‍ 23വരെയാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്.
അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പ്രതിഷേധം രൂക്ഷമായി തുടരുന്ന മിസോറാമിൽ നിന്നും സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മൽസരങ്ങൾ മാറ്റുന്നതിനെക്കുറിച്ച് ആലോചന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫൈനൽ റൗണ്ട് മൽസരങ്ങൾ മാറ്റിവെച്ചത്.
മാറ്റിവെച്ച മൽസരങ്ങൾ മിസോറാമിൽ വെച്ച് തന്നെയാകും നടക്കുക. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് ഐഎസ്എല്ലിലെ ചില മൽസരങ്ങളും മാറ്റിവെച്ചിരുന്നു.
Post Your Comments