ഡൽഹി: പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രധാന നേതാക്കൾ പിന്മാറിയതിനെ തുടർന്ന്, ബുധനാഴ്ച നടക്കാനിരുന്ന ഇന്ത്യ മുന്നണി യോഗം മാറ്റിവച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരാണ് യോഗത്തിനെത്താന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിലെ വസതിയിലാണ് യോഗം നിശ്ചയിച്ചിരുന്നത്. എന്നാൽ, കൂടിയാലോചനയ്ക്ക് ശേഷം രണ്ടാഴ്ച കഴിഞ്ഞ് യോഗം പുനഃക്രമീകരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചതും സംസ്ഥാനത്തെ നിലവിലെ സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ യാത്ര ചെയ്യാനാകില്ലെന്ന് അറിയിച്ചത്. നിതീഷ് കുമാറിന് സുഖമില്ലെന്നാണ് വിവരം. മറ്റ് പ്രതിബദ്ധതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മമത ബാനര്‍ജിയും അഖിലേഷ് യാദവും യോഗത്തിൽ നിന്ന് പിന്മാറിയത്. ഇതേതുടർന്ന്, മുന്‍നിര നേതാക്കൾ പങ്കെടുക്കാതെ യോഗം നടത്തേണ്ടതില്ലെന്ന് നേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു.
നേരത്തെ, യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു ശിവസേന തലവന്‍ ഉദ്ധവ് താക്കറെ പിന്നീട് യാത്ര ഒഴിവാക്കി. യോഗത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി സ്ഥിരീകരണമൊന്നും അറിയിച്ചിരുന്നില്ല. എന്നാൽ, യോഗ വിവരം അറിയുന്നത് വൈകിയാണെന്നും മറ്റു പരിപാടികൾ നേരത്തെ ചാർട്ടായിക്കഴിഞ്ഞുവെന്നും വ്യക്തമാക്കിയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി യോഗത്തിൽ നിന്ന് പിന്മാറിയത്.
Post Your Comments