തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഭീകര വാദ പ്രസ്ഥാനങ്ങള്‍ 17ന് നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. യഥാർത്ഥത്തിൽ സിപിഎമ്മും കോണ്‍ഗ്രസും തീവ്രവാദ സംഘടനകളും ചേര്‍ന്ന് ഗൂഢാലോചന നടത്തിയിരിക്കുകയാണ്. ഹര്‍ത്താല്‍ അനാവശ്യവും വര്‍ഗീയ, രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതും രാഷ്ട്ര താത്പര്യത്തിന് വിരുദ്ധവുമാണെന്നും കുമ്മനം കൂട്ടിച്ചേർത്തു. പൗരത്വ രജിസ്റ്റര്‍ ഉണ്ടാകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് മോദി സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.
പൗരത്വ ബില്‍ മുസ്ലിം സഹോദരങ്ങളെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്ന യാഥാര്‍ഥ്യം മറച്ചുവച്ച് പച്ച നുണകള്‍ പ്രചരിപ്പിച്ച് അനാവശ്യമായ ഭയാശങ്കകള്‍ ഉണ്ടാക്കുന്നത് പൊതു താത്പര്യത്തിന് ഹാനികരമാണ്. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞു ജനങ്ങളില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ഇവരുടെ ശ്രമം.
1950ല്‍ പാക്കിസ്ഥാനില്‍ നിന്നും സംഘര്‍ഷവും പീഡനവും മൂലം ഭാരതത്തിലേക്ക് വന്ന ന്യൂനപക്ഷങ്ങള്‍ക്ക് പരിരക്ഷ ഉറപ്പുവരുത്തണമെന്ന് നെഹ്‌റു ആവശ്യപ്പെട്ടിരുന്നു. 1972ല്‍ ഇന്ദിരയും മുജീബ് റഹ്മാനും ചേര്‍ന്ന് ഒപ്പുവച്ച കരാര്‍ പ്രകാരം ബംഗ്ലാദേശില്‍ നിന്ന് പീഡിതരായി ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍ക്കും, ബൗദ്ധര്‍ക്കും, ആ രാജ്യത്തെ മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും പൗരത്വം നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. നെഹ്‌റുവും മന്‍മോഹന്‍ സിങ്ങും പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പൗരത്വത്തില്‍ കൈക്കൊണ്ട അതേ നയവും നിലപാടും ആവര്‍ത്തിക്കുക മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിട്ടുള്ളൂ.
ALSO READ: പൗരത്വ ബിൽ: നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കാൻ ശിവസേനയുമായി വിട്ടുവീഴ്ചകൾക്ക് തയാറാണെന്ന് ബി.ജെ.പി
വസ്തുത ഇതായിരിക്കേ മതവികാരം ഇളക്കിവിട്ട് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള കോണ്‍ഗ്രസ്, സിപിഎം ശ്രമം തീക്കൊള്ളികൊണ്ട് തല ചൊറിയലാണ്. തീവ്രവാദ ശക്തികളും ഇവരോടൊപ്പം രംഗത്തിറങ്ങിയിരിക്കുന്നത് ആശങ്കാജനകമാണ്. വസ്തുതകള്‍ മനസ്സിലാക്കി ഹര്‍ത്താലിനെതിരെ ജന മനസാക്ഷി ഉണരണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
Post Your Comments