കൊല്ലങ്കോട് : സ്വര്‍ണം പൂശിയ നാണയങ്ങള്‍ നല്‍കി സ്വര്‍ണനിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോക്ടറില്‍ നിന്ന് 15 ലക്ഷം തട്ടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. സ്വര്‍ണനിധി നല്‍കാമെന്നു പറഞ്ഞു യുനാനി ഡോക്ടറില്‍ നിന്നാണ് തട്ടിപ്പ് സംഘം 15 ലക്ഷം രൂപ തട്ടിയെടുത്തത്. കേസിലെ രണ്ടാം പ്രതി തമിഴ്‌നാട് ഉടുമല്‍പേട്ട തെന്‍പൂതനത്തംപട്ടി പൊണ്ണ എന്ന ചിന്നരാജ് (50) ആണ് ഇന്നലെ അറസ്റ്റിലായത്. സംസ്ഥാന അതിര്‍ത്തിയായ ഗോവിന്ദാപുരത്ത് കഴിഞ്ഞ മാസം 16നാണു തട്ടിപ്പ് നടന്നത്.
കോയമ്പത്തൂര്‍ പെരിയനായ്ക്കന്‍പാളയത്തെ നടരാജനെ സ്വര്‍ണ നിധി കൈമാറാമെന്നു പറഞ്ഞു വിളിച്ചു വരുത്തിയ ശേഷം സ്വര്‍ണം പൂശിയ നാണയങ്ങള്‍ കാണിച്ചു 15 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയെന്നാണു കേസ്. സംഭവത്തില്‍ ഇനിയും പൊലീസിന്റെ വലയിലാകാനുള്ള ഒന്നാം പ്രതിക്കൊപ്പം നടരാജനില്‍ നിന്നു പണം തട്ടിയെടുത്തയാളാണു പിടിയിലായ ചിന്നരാജ് എന്നു പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്ന് ഒന്നും രണ്ടും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച മുതലമട സ്വദേശി നേരത്തെ അറസ്റ്റിലായിരുന്നു.
ആദ്യം 4,000 രൂപയ്ക്ക് ഏതാനും സ്വര്‍ണ നാണയങ്ങള്‍ കൈമാറി വിശ്വാസം ആര്‍ജിച്ചതിനു ശേഷമാണ് 25 ലക്ഷത്തോളം രൂപയുടെ സ്വര്‍ണനിധി പൂര്‍ണമായും കൈമാറാമെന്ന ധാരണയില്‍ ഗോവിന്ദാപുരത്തു നടരാജനെ എത്തിച്ചത്. പണവും സ്വര്‍ണനിധിയും പരസ്പരം കാണിക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായി വ്യാജ നാണയങ്ങള്‍ കാറിലേക്കിട്ടു പണവുമായി ചിന്നരാജും ഒന്നാം പ്രതിയും രക്ഷപ്പെട്ടതാണു സംശയത്തിനിടയാക്കിയതും കേസിലേക്ക് എത്തുന്നതും
Post Your Comments