Latest NewsIndia

ആധാർ പൗരത്വ രേഖയല്ല: അനധികൃതമായി ഇന്ത്യയില്‍ പേരുമാറ്റി താമസിച്ചതിന് അറസ്റ്റിലായ ബംഗ്ലാദേശ് വനിതയ്ക്ക് കോടതി തടവുശിക്ഷ വിധിച്ചു

പശ്ചിമബംഗാള്‍ സ്വദേശിയാണെന്നും 15 വര്‍ഷമായി മുംബൈയില്‍ താമസിക്കുകയാണെന്നും തസ്‌ലിമ അവകാശപ്പെട്ടെങ്കിലും അത് തെളിയിക്കാന്‍ അവര്‍ക്കായില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

മുംബൈ: അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് അറസ്റ്റിലായ ബംഗ്ലാദേശ് വനിതയ്ക്ക് ദഹിസറിലെ മജിസ്‌ട്രേറ്റ് കോടതി ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചു. മുംബൈയ്ക്കടുത്ത് ദഹിസറില്‍ താമസിക്കുന്ന ജ്യോതി ഗാസി എന്ന തസ്‌ലിമ റോബിയുളി (35) നെയാണ് ശിക്ഷിച്ചിത്. അവരുടെ കൈവശമുള്ള ആധാര്‍ പൗരത്വരേഖയായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ശിക്ഷാവിധി.പശ്ചിമബംഗാള്‍ സ്വദേശിയാണെന്നും 15 വര്‍ഷമായി മുംബൈയില്‍ താമസിക്കുകയാണെന്നും തസ്‌ലിമ അവകാശപ്പെട്ടെങ്കിലും അത് തെളിയിക്കാന്‍ അവര്‍ക്കായില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

ആധാറോ പാന്‍കാര്‍ഡോ പൗരത്വം തെളിയിക്കാനുള്ള രേഖയല്ല. പൗരത്വം തെളിയിക്കുന്നതിന് ജനനസ്ഥലവും മാതാപിതാക്കളുടെ ജനനസ്ഥലവും ചിലപ്പോള്‍ അവരുടെ മാതാപിതാക്കളുടെ ജനനസ്ഥലവും ഏതെന്ന് വ്യക്തമാക്കേണ്ടിവരും. ഇത്തരം കേസുകളില്‍ താന്‍ വിദേശിയല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രതിക്കാണെന്ന് കോടതി പറഞ്ഞു. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ബംഗ്ലാദേശുകാരിയാണ് തസ്‌ലിമ എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. സ്ത്രീയാണെന്ന പരിഗണനവെച്ച്‌ ഇവര്‍ക്ക് ഇളവു നല്‍കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും അത് രാജ്യരക്ഷയെത്തന്നെ അപകടത്തില്‍പ്പെടുത്തുമെന്നും കോടതി അഭിപ്രായപ്പെട്ടു.

ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ദഹിസര്‍ ഈസ്റ്റിലെ ചേരിയില്‍നിന്ന് 2009 ജൂണ്‍ എട്ടിനാണ് തസ്‌ലിമ ഉള്‍പ്പെടെ 17 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. 17 പേര്‍ക്കെതിരായും കേസെടുത്തെങ്കിലും മറ്റുള്ളവര്‍ പിന്നീട് ഒളിവില്‍പ്പോയി. തസ്‌ലിമയെ മാത്രമേ വിചാരണ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. ഇന്നലെ അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് ഏഴു ബംഗ്ലാദേശുകാരെ മഹാരാഷ്ട്ര പോലീസിന്റെ ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്തു.

പാല്‍ഘര്‍ ജില്ലയിലെ വിരാറില്‍നിന്നാണ് ഇവര്‍ പിടിയിലായത്. വിരാറിലെ തിരുപ്പതി നഗറിലെ പാര്‍പ്പിടസമുച്ചയത്തില്‍ നടത്തിയ തിരച്ചിലിലാണ് ഏഴ്‌ പുരുഷന്‍മാര്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button