തിരുവനന്തപുരം : തലസ്ഥാന നഗരിയില്‍ എട്ട് ദിവസമായി നടന്നുവന്നിരുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം. വൈകുന്നേരം അഞ്ചരയ്ക്കാണ് സമാപനചടങ്ങുകള്‍ നടക്കുക. നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്.
അര്‍ജന്റീനിയന്‍ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയുമാകും.
എട്ട് ദിവസം നീണ്ട ലോകസിനിമാ കാഴ്ചകള്‍ക്കാണ് തലസ്ഥാനം വേദിയായത്. അവസാന ദിനമായ ഇന്ന് ഒമ്ബത് തിയേറ്ററുകളിലായി 27 ചിത്രങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. 73 രാജ്യങ്ങളില്‍ നിന്നായി 186 ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തി.
മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ 14 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. വൃത്താകൃതിയിലുള്ള ചതുരവും ജെല്ലിക്കെട്ടുമാണ് മലയാളത്തിന്റെ പ്രതീക്ഷകള്‍. സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തില്‍ സുവര്‍ണ്ണ ചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കും
Post Your Comments