NewsDevotional

കന്നി അയ്യപ്പൻ ശബരിമലയിലേക്ക്; അയ്യപ്പ ഭക്തർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വ്രതകാലത്ത് ആഴിപൂജ,പടുക്ക എന്നീ ചടങ്ങുകള്‍ നടത്തണം.

ആദ്യമായി ശബരിമലയില്‍ ദര്‍ശനത്തിന് പോകുന്നയാളെയാണ് കന്നി അയ്യപ്പന്‍ എന്ന് വിളിക്കുന്നത്. മറ്റ് ഭക്തരേക്കാള്‍ ചില ചടങ്ങുകള്‍ കൂടുതല്‍ കന്നി അയ്യപ്പന്‍ നടത്തേണ്ടതുണ്ട്. ആദ്യമായി 18 തവണയെങ്കിലും മല ചവിട്ടിയ ഒരാളെ ഗുരുസ്വാമിയായി കണ്ടെത്തണം. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ വൃശ്ചികമാസം ഒന്നാം തീയതി ക്ഷേത്രത്തില്‍ വച്ച് മാലയിടണം.നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതിഷ്ഠ തെറ്റാതെ പാലിക്കണം. അതിരാവിലെ കുളിച്ച് ശുദ്ധമായ കറുത്ത വസ്ത്രം ധരിച്ച്, സ്വാമിയുടെ രൂപം മുദ്രിതമായ പതക്കമുള്ള രുദ്രാക്ഷമാലയാണ് അണിയേണ്ടത്. . വ്രതകാലത്ത് ആഴിപൂജ,പടുക്ക എന്നീ ചടങ്ങുകള്‍ നടത്തണം.

കന്നി അയ്യപ്പന്മാര്‍ ആഴിപൂജ എന്ന ചടങ്ങ് നടത്തേണ്ടതുണ്ട്. അിയെ വലം വയ്ക്കുന്ന പ്രദക്ഷിണമാണ് ഇതിലെ പ്രധാന ചടങ്ങ്. കന്നി അയ്യപ്പന്റെ വീടിന് മുന്നില്‍ പന്തല്‍ നിര്‍മ്മിച്ച് അയ്യപ്പന്‍, വാവര്‍, കടുത്തസ്വാമി, മാളികപ്പുറം എന്നിവരെ പ്രതിഷ്ഠിച്ച് പൂജയും വാദ്യവുമായി ആഴിയില്‍ ചാടി കന്നി അയ്യപ്പന്മാര്‍ സ്വയം പരിശുദ്ധരാകുന്നു എന്നാണ് സങ്കല്‍പം. കന്നി അയ്യപ്പന്മാര്‍ ശബരിമലയ്ക്ക് പോകുന്നതിന് മുമ്പ് അയ്യപ്പന്‍ കഞ്ഞി എന്നറിയപ്പെടുന്ന കഞ്ഞി വച്ച് വീട്ടിലെത്തുന്നവര്‍ക്ക് നല്‍കുന്ന ചടങ്ങും ചിലയിടങ്ങിളില്‍ നിലവിലുണ്ട്.

ഇരുമുടിക്കെട്ടുമായി വരുന്ന ഭക്തജനങ്ങളെ മാത്രമേ പതിനെട്ടാം പടി ചവിട്ടാന്‍ അനുവദിക്കുകയുള്ളു. വീട്ടില്‍ വച്ചോ ക്ഷേത്രത്തില്‍ വച്ചോ ആണ് ശബരിമലയ്ക്ക് പോകുന്നവര്‍ കെട്ട് നിറയ്ക്കുന്നത്. സ്വാമിയേ ശരണം അയ്യപ്പാ എന്ന ശരണം വിളിയോടെയാണ് കെട്ട് നിറയ്ക്കേണ്ടത്. മുന്നിലും പിന്നിലുമായി രണ്ട് കെട്ടുകള്‍ ഉള്ളതിനാലാണ് ഇത് ഇരുമുടിക്കെട്ട് എന്നറിയപ്പെടുന്നത്. മുന്നിലെ കെട്ടില്‍ പൂജാസാധനങ്ങളും പിന്നിലുള്ളതില്‍ വഴിക്ക് വച്ചുളള ആഹാരവുമായിരിക്കും.

നെയ്ത്തേങ്ങയാണ് ശബരിമല തീര്‍ത്ഥാടനത്തിനുള്ള പ്രധാന പൂജാ സാധനം. തേങ്ങ തുരന്ന് അതില്‍ നെയ് നിറച്ച് അടയ്ക്കുന്നതാണ് നെയ്ത്തേങ്ങ. ഇത് കൂടാതെ പതിനെട്ടാം പടിയില്‍ ഉടയ്ക്കുവാനായി പ്രത്യേകം തേങ്ങ കരുതണം. കര്‍പ്പൂരം, ചന്ദനത്തിരി, ശര്‍ക്കര, പനിനീര്‍, മുന്തിരിങ്ങ, കല്‍ക്കണ്ടം, കുരുമുളക് എന്നിവയും ഇരുമുടിക്കെട്ടിലുണ്ടായിരിക്കണം. ഇരുമുടിക്കെട്ട് നിറച്ചു കഴിഞ്ഞാല്‍ ശരണം വിളിയോടെ പിന്തിരിഞ്ഞ് നോക്കാതെ യാത്ര ആരംഭിക്കാം. യാത്രയിലുടനീളം ശരണം വിളിക്കണം. ഇടയ്ക്ക് കാണുന്ന ക്ഷേത്രങ്ങളിലെല്ലാം കയറി ദര്‍ശനം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button