Kerala

ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ കര്‍മ്മപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍

കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 15 വരെ ജൈവകൃഷി പ്രോല്‍സാഹനവും ഭക്ഷ്യവസ്തുക്കളുടെ സ്വയം പര്യാപ്തതയും ലക്ഷ്യമിടുന്ന 450 ദിനകര്‍മ്മ പരിപാടി നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ തരിശുരഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത നേടാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സര്‍ക്കാറിന്റെ ഇടപെടല്‍മൂലം സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന 97 ശതമാനം പച്ചക്കറിയും വിഷരഹിതമാക്കുന്നതിന് കഴിഞ്ഞു. സര്‍ക്കാര്‍ അധികാരം ഏല്‍ക്കുമ്പോള്‍ സംസ്ഥാനത്ത് നെല്‍കൃഷിക്ക് അനുയോജ്യമായ ഒരുലക്ഷം ഹെക്ടര്‍ സ്ഥലം തരിശായി കിടക്കുകയായിരുന്നു. ഇതിനു മാറ്റമുണ്ടാക്കി. ഇതിലൂടെ നെല്‍കൃഷി അഞ്ചരലക്ഷം ടണില്‍നിന്ന് ഏഴ് ലക്ഷം ടണായി ഉത്പാദനം വര്‍ധിപ്പിക്കാനായി. പച്ചക്കറി ഉത്പ്പാദനം ഏഴരലക്ഷം ടണില്‍നിന്ന് പന്ത്രണ്ടരലക്ഷം ടണായി ഉയര്‍ത്താനായി. കൃഷി ചെയ്യുന്നതിനെ കുറിച്ച് വിദ്യാര്‍ഥികളെ അവബോധമുള്ളവരാക്കി തീര്‍ക്കും. ഭക്ഷണം കഴിക്കുന്ന എല്ലാവരും അവര്‍ക്ക് കഴിയുന്നതരത്തില്‍ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കാന്‍ തയാറാകണം.കേരളം ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയം പര്യാപ്തയിലേക്ക് അടുക്കുന്നതായും മന്ത്രി പറഞ്ഞു. സമ്പൂര്‍ണ്ണ തരിശുരഹിത പഞ്ചായത്തായി വെച്ചൂച്ചിറയെ പ്രഖ്യാപിക്കുന്ന ഫലകം മന്ത്രി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയക്ക് നല്‍കി. ചടങ്ങില്‍ സംസ്ഥാന തലത്തില്‍ മികച്ച അധ്യാപക പുരസ്‌കാരം ലഭിച്ച സാബു പുല്ലാടിനെ മന്ത്രി ആദരിച്ചു. കൃഷിയില്‍ മികവ് തെളിയിച്ച കര്‍ഷകരെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച വാര്‍ഡുകളെയും മന്ത്രി ആദരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button