രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. അമിത അളവിലുള്ള ഭക്ഷണം, വളരെ വൈകിയുള്ള കഴിക്കല്‍, അമിതമായ കൊഴുപ്പും കാലറിയും അടങ്ങിയ ഭക്ഷണം, വര്‍ധിച്ച അളവിലുള്ള മാംസവിഭവങ്ങള്‍ ഈ നാലു ഘടകങ്ങള്‍ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. രാത്രിഭക്ഷണം ഉണ്ടാക്കുന്ന ഈ ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം…
രാത്രി കഴിക്കുന്ന അധിക കാലറിയും കൊഴുപ്പും എല്ലാം ഉടനടി വയറിലേക്കു നിക്ഷേപിക്കപ്പെടുന്നു. മേല്‍വയര്‍ ചാടുന്ന അവസ്ഥയ്ക്കു പ്രധാന കാരണം ഇതാണ്. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിനും തുടര്‍ന്ന് പ്രമേഹത്തിനും വഴിയൊരുക്കുമെന്നതില്‍ സംശയം വേണ്ട. ഭക്ഷണനേരം ശരീരത്തിലെ ഹോര്‍മോണുകളെയും ഉപാപചയ പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കും.
ഹൃദയസംബന്ധമായ രോഗങ്ങളാണ് മറ്റൊരു വില്ലന്‍. രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാം.
രാത്രി ഏറെ വൈകിയുള്ള ഭക്ഷണം കഴിക്കല്‍ ഒട്ടും നല്ലതല്ല. കഴിക്കാന്‍ വൈകുമ്പോള്‍ അഡ്രിനാലിന്‍ പോലുള്ള സ്ട്രെസ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്നു. ഇതു ബിപി കൂടാനിടയാക്കാം. ഇതുവഴി ഹൃദ്രോഗവും പക്ഷാഘാതവും ഉള്‍പ്പടെയുള്ള ധമനീരോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
മാംസവിഭവങ്ങള്‍ അധികം കഴിക്കുന്നത് യൂറിക് ആസിഡ് കൂടാന്‍ കാരണമാകും. മാംസവിഭവങ്ങളിലെ പ്യൂരന്‍ എന്ന ഘടകമാണ് യൂറിക് ആസിഡ് കൂട്ടുന്നത്. റെഡ് മീറ്റ്, കടല്‍ വിഭവങ്ങള്‍, അയല, ചൂര പോലുള്ള മീനുകള്‍ എന്നിവയിലെല്ലാം പ്യൂരിന്‍ ധാരാളമുണ്ട്. ഇത് ഗൗട്ട് പോലുള്ള സന്ധിരോഗങ്ങള്‍ക്കും രക്തധമനീ രോഗങ്ങള്‍ക്കും വഴിതെളിക്കും.
വൈകുന്നേരങ്ങളില്‍ അല്ലെങ്കില്‍ രാത്രി വൈകി കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സ്ത്രീകളില്‍ ഹൃദോഗത്തിനുളള സാധ്യത കൂട്ടുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനാണ് പഠനം നടത്തിയത്. വൈകുന്നേരം കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നവരില്‍ ഹൃദയവുമായി ബന്ധപ്പെട്ട് പല രോഗങ്ങളും കണ്ടെത്തിയതായാണ് ഗവേഷകര്‍ പറയുന്നത്.
രാത്രിയില്‍ ജങ്ക്ഫുഡ്, മസാല അടങ്ങിയ ഭക്ഷണം, പാസ്ത, ബര്‍ഗര്‍, പിസ, ബിരിയാണി, ചോറ് , കൊഴുപ്പ് കൂടിയ ചിക്കന്‍, ആട്ടിറച്ചി, സോഡ, വറുത്ത ഉരുളക്കിഴങ്ങ്, ചിപ്സ്, ചോക്ലേറ്റ് തുടങ്ങിയവ ഒഴിവാക്കുക. രാത്രി എട്ട് മണിക്ക് മുമ്പ് അത്താഴം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
Post Your Comments