
വിവാഹം കഴിഞ്ഞാല്‍ ആറ് മാസത്തിനുള്ളില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്നവരാണ് ഏറ്റവും അധികവും. രണ്ട് പേരും അഡ്ജസ്റ്റ്മെന്റ് അഥവാ ഒത്തുതീര്‍പ്പിന് വഴങ്ങാത്തവരാണ് അധികവും. താന്‍ പിടിച്ച മുയലിന് രണ്ട് കൊമ്പെന്ന് വാദിയ്ക്കുന്നവര്‍. എന്നാല്‍ വിവാഹബന്ധം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള പരസ്പര ധാരണയ്ക്കും വിശ്വാസത്തിനും മുകളിലാണ് ആരോഗ്യകരമായി നിന്നുപോകുന്നത്. എന്നാല്‍ ഇപ്പറഞ്ഞ ധാരണയുടെ കാര്യത്തിലാണ് മിക്കപ്പോഴും ദമ്പതികള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടാകുന്നത്. ഈ പ്രശ്നങ്ങള്‍ ക്രമേണ വലിയ അകല്‍ച്ചകള്‍ക്കും ചിലപ്പോഴെങ്കിലും ബന്ധം വിട്ടുപോകുന്നതിനുമെല്ലാം ഇടയാക്കും.
ഭാര്യയും ഭര്‍ത്താവും അവരുടെ വിവാഹജീവിതത്തില്‍ നേരിട്ടേക്കാവുന്ന ഏറ്റവും സുപ്രധാനമായ പ്രശ്നവും ഇതുതന്നെയാണെന്ന് പറയേണ്ടിവരും. അതായത്, ശരിയായ ധാരണയില്ലാത്തത് മൂലം വിവാഹമോചനത്തിലെത്തേണ്ടി വരുന്ന അവസ്ഥ.
സാധാരണഗതിയില്‍ ദമ്പതിമാരുടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നത് കൗണ്‍സിലിംഗിലൂടെയും വീട്ടുകാരുടെയോ സുഹൃത്തുക്കളുടെയോ മധ്യസ്ഥ ചര്‍ച്ചകളിലൂടെയോ ഒക്കെയാണ്. എന്നാല്‍ ഇതിനെക്കാളൊക്കെ ഫലപ്രദമായ ഒരു മാര്‍ഗം നിര്‍ദേശിക്കുകയാണ് പുതിയൊരു പഠനം.
റോച്ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. അതായത്, ‘റിലേഷന്‍ഷിപ്പ്’ പ്രധാന പ്രമേയമാകുന്ന സിനിമകളോ ‘റൊമാന്റിക്’ സിനിമകളോ ഒരുമിച്ച് ആസ്വദിച്ച് കാണുകയും അതെക്കുറിച്ച് ഒരുമിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്തുകയും നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുക. ദമ്പതികള്‍ക്കിടയിലെ ഈ ശീലം ഏതാണ്ട് 24 ശതമാനം വരെ ‘ഡിവോഴ്സ് കേസുകള്‍’ കുറയ്ക്കുന്നുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത്.
‘വളരെ ഫലപ്രദമെന്ന് നമ്മള് വിശ്വസിക്കുന്ന ഒരു കൗണ്സിലിംഗിനെക്കാളും തെറാപ്യൂട്ടിക് റിസള്‍ട്ട് ഉണ്ടാക്കുന്ന ഒരു എക്സര്‍സൈസാണ് ഇത്. സ്ക്രീനില്‍ കാണുന്ന ബന്ധങ്ങളെ സ്വന്തം ജീവിതവുമായി താരതമ്യപ്പെടുത്തി നോക്കാന്‍ ദമ്പതികള്‍ ശ്രമിക്കും. മിഡില്‍ ക്ലാസ് ബന്ധങ്ങളും, റൊമാന്സുമാകണം അധികവും തെരഞ്ഞെടുക്കേണ്ടത്. തകര്‍ന്നുകൊണ്ടിരിക്കുന്ന ബന്ധങ്ങള്‍ വീണ്ടും എങ്ങനെയെല്ലാം ഇണങ്ങിച്ചേരുന്നു എന്ന് സിനിമകളില്‍ കാണുമ്പോള്‍ അത്തരം സാധ്യതകളെ ജീവിതത്തിലും കല്പിക്കപ്പെടുന്നു. വിവാഹിതരായി വര്‍ഷങ്ങള്‍ കഴിഞ്ഞുപോയവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ മുഖേനയൊന്നും ഗുണം ലഭിക്കില്ലെന്ന് ഒരുപക്ഷേ നിങ്ങള്‍ ചിന്തിച്ചേക്കാം. എങ്കില്‍ തെറ്റി, എത്ര പഴക്കമുള്ള ബന്ധത്തിലും ഇത് ഉപയോഗപ്രദമാണെന്ന് തന്നെയാണ് ഞങ്ങളുടെ വിലയിരുത്തല്‍.’ പഠനത്തിന് നേതൃത്വം കൊടുത്ത റോച്സ്റ്റെര് യൂണിവേഴ്സിറ്റിയിലെ സൈക്കോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. റൊണാള്‍ഡ് റോഗ് പറയുന്നു.
ഇതിനിടയില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയത്തെ കുറിച്ച് കൂടി പഠനം സൂചിപ്പിക്കുന്നുണ്ട്. ദമ്പതിമാര്‍ക്കിടയില്‍ എപ്പോഴും തുറന്ന സംഭാഷണം ആവശ്യമാണ്. മറ്റെവിടെ മുഖംമൂടി അണിഞ്ഞ് സ്വയം അവതരിപ്പിച്ചാലും പങ്കാളിക്ക് മുന്നിലെത്തുമ്പോള്‍ ‘ഓപ്പണ്‍’ ആയിരിക്കാന്‍ ശ്രമിക്കണം. എത്ര മോശമാണെന്ന് തോന്നിയാലും ആത്മാര്‍ത്ഥമായി തന്റെ വ്യക്തിത്വം പ്രകടിപ്പിക്കുന്നത് തന്നെയാണ് ആരോഗ്യകരമെന്നാണ് പഠനം പറയുന്നത്. ഇത്തരത്തിലുള്ള ദമ്പതിമാരെ മാത്രമേ സിനിമയും സ്വാധീനിക്കൂവെന്നും അല്ലാത്ത പക്ഷം സിനിമയും വെറുതെ കടന്നുപോകുന്ന ഘടകമായേ നില്‍ക്കൂവെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു.
Post Your Comments