മുംബൈ: മഹാരാഷ്ട്രയിൽ അധികാരമേറ്റ ഉദ്ധവ് താക്കറെ സർക്കാർ ഒരാഴ്ച പിന്നിടുമ്പോൾ നിർണായക വെളിപ്പെടുത്തലുമായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എൻസിപി നേതാവ് അജിത് പവാർ സർക്കാർ രൂപീകരിക്കാനാവശ്യപ്പെട്ട് തന്നെ സമീപിക്കുകയായിരുന്നെന്ന് ഫഡ്നാവിസ് വെളിപ്പെടുത്തി.
‘കുറച്ച് എംഎൽഎമാർക്ക് ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഇക്കാര്യം ശരദ് പവാറുമായി ചർച്ചചെയ്തിരുന്നെന്നും അയാൾ പറഞ്ഞു’ ഫഡ്നാവിസ് വ്യക്തമാക്കി. ‘എൻസിപിയ്ക്ക് കോൺഗ്രസിനൊപ്പം പോകാൻ താൽപ്പര്യമില്ലെന്നും മൂന്നു പാർട്ടികൾ ഉൾപ്പെടുന്ന സർക്കാരിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അജിത് പവാർ പറഞ്ഞു. സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാൻ എൻസിപി ബിജെപിയ്ക്കൊപ്പം ചേരാൻ തയ്യാറാണെന്നും പറഞ്ഞു’ഫഡ്നാവിസ് പറയുന്നു. അധികാരമേറ്റ് 80 മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ഫഡ്നാവിസിന് രാജിവെക്കേണ്ടി വന്നിരുന്നു.
നേരത്തെ രാഷ്ട്രീയ പ്രതിസന്ധിയിലായ മഹാരാഷ്ട്രയിൽ അജിത് പവാർ ഉപമുഖ്യമന്ത്രിയും ഫഡ്നാവിസ് മുഖ്യമന്ത്രിയുമായി ബിജെപി സർക്കാർ രൂപീകരിച്ചിരുന്നു. എന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വന്നതോടെ ഇരുവരും രാജിവെയ്ക്കുകയും ചെയ്തു.
Post Your Comments