സമോവ: പ്രതിരോധ കുത്തിവെയ്പ്പുകളെക്കുറിച്ച് വ്യാജപ്രചരണം നടത്തിയയാൾ അറസ്റ്റിൽ. സമോവയിൽ ആണ് സംഭവം. വ്യാജപ്രചരണത്തിലൂടെ പ്രതിരോധകുത്തിവെയ്പ്പുകളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയ എഡ്വിൻ തമാസീസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചാംപനി അനിയന്ത്രിതമായി പടരുന്നതിനെത്തുടർന്ന് ശക്തമായ പ്രതിരോധനടപടികളാരംഭിച്ച സാഹചര്യത്തിലാണ് നടപടി.
പ്രതിരോധക്കുത്തിവെയ്പുകളാണ് സമോവയിലെ ആളുകളുടെ മരണത്തിന് കാരണമെന്ന രീതിയിൽ തമാസീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശമാണ് അറസ്റ്റിലേക്ക് നയിച്ചത്. വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ തുടർന്നും കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. അഞ്ചാംപനിയെത്തുടർന്ന് സമോവയിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയ സാഹചര്യത്തിലാണ് വാക്‌സിനേഷൻ വിരുദ്ധ പ്രചാരകനായ എഡ്വിൻ തമാസീസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ALSO READ: യുഎഇയില്‍ ബലാത്സംഗ-പീഡന നിയമത്തില്‍ ഭേഗദതി വരുത്തി മന്ത്രാലയം
അതേസമയം സമോവയിൽ അഞ്ചാംപനിയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 63 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ പുതിയ 140 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ ഇരുപതോളം കുട്ടികൾ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments