നെയ്യാറ്റിൻകര: ചികിത്സാപിഴവിനെ തുടർന്ന് മരിച്ച കൃഷ്ണയുടെ മൂന്നു വയസുള്ള മകൾ അമ്മയെ തേടുമ്പോൾ കണ്ടുനിൽക്കുന്നവർക്കും കണ്ണുനീർ അടക്കാനാകുന്നില്ല. കിഡ്നി സ്റ്റോണിന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സതേടിയപ്പോൾ എടുത്ത കുത്തിവയ്പിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കൃഷ്ണ തങ്കപ്പൻ ഇന്നലെ രാവിലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയായി അമ്മയെ തേടുന്ന മൂന്നുവയസ്സുകാരി കുഞ്ഞു ഋതിക്ക് അറിയില്ല അവളുടെ അമ്മ ഇനി ഒരിക്കലും മടങ്ങിവരില്ലെന്ന്.
നാലുവർഷം മുൻപായിരുന്നു ശരത്തിന്റെയും കൃഷ്ണയുടെയും വിവാഹം. ബി.കോം ബിരുദധാരിയാണ് കൃഷ്ണ. മകളെ നഴ്സറിയിലാക്കിയശേഷം പി.എസ്.സി. പരിശീലനത്തിനു പോകാനിരിക്കുകയായിരുന്നു. ഇതിനിടയിൽ പലയിടത്തേക്കും അപേക്ഷ അയച്ചു. ചൊവ്വാഴ്ച ആശുപത്രിയിൽ കഴിയുമ്പോൾ സ്വകാര്യ ബാങ്കിൽ നിന്നും ജോലിക്കുള്ള അഭിമുഖത്തിനായി ശരത്തിന്റെ ഫോണിൽ വിളിവന്നിരുന്നു. കൃഷ്ണ ആശുപത്രിയിലാണെന്ന് മറുപടി നൽകിയെന്ന് ശരത് പറഞ്ഞു.
അതേസമയം, കൃഷ്ണയുടെ ചികിത്സാരേഖകൾ തിരുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. തൈക്കാട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൃഷ്ണ തങ്കപ്പനെ ഡോക്ടറുടെ നിർദേശപ്രകാരമാണ് 15-ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കുത്തിവയ്പിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ കൃഷ്ണയെ ജൂലായ് 15-ന് ഉച്ചയ്ക്ക് 2.45-നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതിനുശേഷം മെഡിക്കൽ രേഖകൾ തിരുത്തിയെന്ന് കൃഷ്ണയുടെ ഭർത്താവ് ശരത് ആരോപിച്ചു. ജനറൽ ആശുപത്രിയിൽനിന്ന് റഫർ ചെയ്തതിനുശേഷം ഇ.സി.ജി. എടുത്തതായി എഴുതിച്ചേർത്തെന്നാണ് ആരോപണം. കൃഷ്ണയ്ക്ക് പാൻടോപ്പ് 40-യുടെ കുത്തിവയ്പ് മാത്രമാണ് നൽകിയതെന്നാണ് ജനറൽ ആശുപത്രിക്കാർ നൽകിയ കുറിപ്പിലുള്ളത്. എന്നാൽ, മെഡിക്കൽ രേഖകളിൽ മറ്റുകുത്തിവയ്പുകൾ നൽകിയെന്നുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
കൃഷ്ണയുടെ ചികിത്സാരേഖകൾ നൽകണമെന്നും ഡോക്ടർക്കും ജീവനക്കാർക്കുമെതിരേ നടപടി എടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ഭർത്താവ് ലാബിൽ പോയ സമയത്ത് നൽകിയ ട്രിപ്പും ഇഞ്ചക്ഷനുമാണ് അപകടകരമായതെന്ന് പരാതിയിൽ പറയുന്നു. ഇതേത്തുടർന്നാണ് കൃഷ്ണ അബോധാവസ്ഥയിലായതെന്നാണ് പരാതിയിൽ പറയുന്നത്.
അതിനിടെ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കൃഷ്ണ തങ്കപ്പന്റെ ചികിത്സാരേഖകൾ ആരോഗ്യവകുപ്പ് ആസ്ഥാനത്തേക്കു കൊണ്ടുപോയി. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദേശത്തെത്തുടർന്ന് അസിസ്റ്റന്റ് ഡയറക്ടർ ഡോ. സുജ ജനറൽ ആശുപത്രിയിലെത്തിയാണ് രേഖകൾ കൊണ്ടുപോയത്. ചികിത്സപ്പിഴവിന് ഡോ. വിനുവിനെതിരേ പോലീസ് കേസെടുത്ത സാഹചര്യത്തിൽ ആശുപത്രിയിൽ സൂക്ഷിക്കേണ്ട മെഡിക്കൽ റെക്കോഡ് ആരോഗ്യവകുപ്പ് ആസ്ഥാനത്ത് എത്തിച്ചത് ചികിത്സിച്ച ഡോക്ടറെ സംരക്ഷിക്കാനാണെന്ന ആക്ഷേപം ഉയരുകയാണ്.
Post Your Comments