Latest NewsNewsIndia

വി.പി.‌എന്‍ വഴി അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന

ഇന്‍റര്‍നെറ്റില്‍ അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് സര്‍ക്കാരും സമ്മതിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പോണ്‍ഹബ് ഉള്‍പ്പെടെ 857 അശ്ലീല സൈറ്റുകള്‍ നിരോധിച്ചിരുന്നു. സര്‍ക്കാരിന്‍റെ ഈ തീരുമാനം ഉപയോക്താക്കളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധമെന്നോണം ‘വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വിപിഎന്‍) എന്ന സമാന്തര അശ്ലീല വെബ്സൈറ്റുകളിലൂടെ അവര്‍ സം‌തൃപ്തി കണ്ടെത്തി. തന്മൂലം ഈ വെബ്സൈറ്റുകളുടെ ഉപയോഗത്തില്‍ 400% വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് പറയുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് 857 അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിലക്ക് വീണത്. അതിനുശേഷം ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് രാജ്യത്തെ പ്രമുഖ ഇന്‍റര്‍നെറ്റ് സേവന ദാതാക്കളോട് ഈ വെബ്സൈറ്റുകളിലേക്കുള്ള പ്രവേശനം മരവിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (2) അനുസരിച്ച് അശ്ലീല വെബ്സൈറ്റുകളുടെ ഉള്ളടക്കം അധാര്‍മികവും അശ്ലീലവുമാണെന്ന് അവര്‍ പറയുന്നു.

നിരോധനം നടപ്പിലാക്കിയ ശേഷം, റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ ഉള്‍പ്പെടെയുള്ള മറ്റ് ടെലികോം ഓപ്പറേറ്റര്‍മാര്‍ ഈ അശ്ലീല വെബ്സൈറ്റുകളിലേക്കുള്ള പ്രവേശനം നിര്‍ത്തലാക്കി. എന്നാല്‍ മറുവശത്ത് ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇതിനെ വിമര്‍ശിക്കുക മാത്രമല്ല, വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍ (വിപിഎന്‍), പ്രോക്സികള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയിലൂടെ നിരോധിത വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാനും തുടങ്ങി.

മൊബൈലില്‍ വിപിഎന്‍ അപ്ലിക്കേഷനുകള്‍ ഡൗണ്‍‌ലോഡ് ചെയ്യുന്നതിലൂടെ നിരോധിത അശ്ലീല വെബ്സൈറ്റുകളിലേക്കുള്ള ആക്സസ് 405% വര്‍ദ്ധിച്ചു. ഇതിനുശേഷം, വിപിഎന്‍ വഴി അശ്ലീല വെബ്സൈറ്റുകള്‍ ആക്സസ് ചെയ്യുന്നവരുടെ എണ്ണം 57 ദശലക്ഷമായി വര്‍ദ്ധിച്ചതായി ലണ്ടന്‍ ആസ്ഥാനമായുള്ള വിപിഎന്‍ അവലോകന സ്ഥാപനമായ ടോപ്പ് 10 വിപിഎന്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും 2018 ഒക്ടോബറിനും 2019 ഒക്ടോബറിനുമിടയില്‍ ഡൗണ്‍ലോഡ് ചെയ്ത വിപിഎന്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ അടിസ്ഥാനമാക്കിയാണ് കണക്കുകള്‍.

നിരോധനം നടപ്പാക്കിയ ഉടന്‍ തന്നെ വിപിഎന്‍ തിരയലില്‍ പെട്ടെന്ന് കുതിച്ചു ചാട്ടം ഉണ്ടായതായി അവലോകന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ഒക്ടോബറിനും 2018 ഡിസംബറിനുമിടയില്‍, മൊബൈല്‍ വിപിഎന്‍ ഡൗണ്‍ലോഡുകളുടെ എണ്ണം ശരാശരി പ്രതിമാസം 66% ആയി ഉയര്‍ന്നു.

ഇന്ത്യയിലെ മിക്ക വിപിഎന്‍ സേവനങ്ങളും സൗജന്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപയോക്താക്കളുടെ ഡാറ്റ വിറ്റ് അവര്‍ പണം സമ്പാദിക്കുന്നു. രാജ്യത്തെ ഒരു കോടി പത്തു ലക്ഷം ഉപയോക്താക്കള്‍ സൗജന്യ ടര്‍ബോ വിപിഎന്‍ ഉപയോഗിക്കുന്നു. അതേസമയം, 70 ലക്ഷം ഉപയോക്താക്കള്‍ സോളോ വിപിഎന്‍, ഹോട്ട് സ്പോട്ട് ഷീല്‍ഡ് ഫ്രീ എന്നിവയാണ് ഇഷ്ടപ്പെടുന്നത്. പണമടച്ചുള്ള സേവനത്തെക്കുറിച്ച് പറയുകയാണെങ്കില്‍, എക്സ്‌പ്രസ് വിപിഎന്‍ ഒരു കോടി എട്ട് ലക്ഷം ഉപയോക്താക്കളാണുള്ളത്.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button