അബുദാബി: വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്കുകൾ) ഉപയോഗിച്ച് അശ്ലീല സൈറ്റുകളിൽ കയറി പോൺ വീഡിയോ കാണുന്ന പ്രവാസികൾക്ക് പണികിട്ടും. യു എ ഇയിൽ വിപിഎൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും നിരോധിത ആപ്പുകളും അശ്ലീല, ചൂതാട്ട സൈറ്റുകളും വി പി എൻ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ തടവുശിക്ഷയും വലിയ തുക പിഴ നൽകേണ്ടിയും വരും.
യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്കുകൾ) ഉപയോഗിക്കുന്നവരുടെ എണ്ണം വൻതോതിൽ കൂടുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഈ വർഷത്തെ ആദ്യപാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർദ്ധനവുണ്ടായെന്നാണ് നോർഡ് സെക്യൂരിറ്റി ഡാറ്റ വ്യക്തമാക്കുന്നത്.
ഡേറ്റിംഗ്, ചൂതാട്ട, അശ്ലീല വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതിനും വിഡിയോ–ഓഡിയോ കോളിംഗ് ആപ്പുകൾ ഉപയോഗിക്കുന്നതിനുമാണ് പ്രവാസികൾ വിപിഎൻ ഉപയോഗിക്കുന്നത്. ഇത്തരംകേസുകളിൽ പിടിക്കപ്പെട്ടാൻ വൻ തുക പിഴയടക്കേണ്ടിവരും. ഇതിനൊപ്പം ജയിൽ ശിക്ഷയും കിട്ടും. 500,000 ദിർഹം മുതൽ ഇരുപതുലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തുന്നത്.
പ്രവാസികളിൽ ഏറെക്കൂടുതലും വാട്‌സാപ്പ്, സ്കൈപ്പ്, ഫെയ്സ്ടൈം, ഡിസ്കോർഡ് തുടങ്ങി ഏറെ പ്രചാരത്തിലുള്ള വീഡിയോ-ഓഡിയോ ആപ്പുകൾ ഉപയോഗിക്കാനും വി പി എന്നിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. അധികൃതർ നൽകുന്ന മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് യു എ ഇയിൽ വി പി എൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ ദുരുപയോഗത്തിന് ശക്തമായ ശിക്ഷയാണ് നിലവിലുള്ളത്.
Post Your Comments